മനാമ: ബഹ്റൈനിലെ മുഹറഖ് നഗരത്തിലെ ചരിത്രപരമായ ഒരു പ്രദേശത്തിന് അതിന്റെ പഴയ പേരും തനിമയും തിരികെ നൽകാൻ മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി അംഗീകാരം നൽകി. നിലവിൽ ‘ഫരീജ് അൽ ഉമ്മാൽ’ (തൊഴിലാളികളുടെ വീടുകൾ) എന്നറിയപ്പെടുന്ന പഴയ മുഹറഖ് കാസിനോയുടെ കിഴക്ക് ഭാഗത്തുള്ള ഈ പ്രദേശത്തിന് ‘ഫരീജ് അൽ ഹുകൂമ’ (ഗവൺമെന്റ് ഡിസ്ട്രിക്ട്) എന്ന ഔദ്യോഗിക നാമം പുനഃസ്ഥാപിക്കാനാണ് തീരുമാനം. കൗൺസിലിന്റെ സേവനങ്ങൾ, പൊതു സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച സമിതി ചെയർമാനും പ്രാദേശിക കൗൺസിലറുമായ അബ്ദുൽഖാദർ അൽ സയീദാണ് ഈ നിർദേശത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രപരമായ പാരമ്പര്യം തിരിച്ചറിഞ്ഞ്, ഭൂപടങ്ങൾ, ദിശാബോർഡുകൾ, ഔദ്യോഗിക രേഖകൾ എന്നിവയിൽ പഴയ പേര് പുനഃസ്ഥാപിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഇന്നത്തെ ചിത്രം (ഫയൽ)
നിലവിൽ, ‘ഗവൺമെന്റ് ഡിസ്ട്രിക്ടി’ലെ മിക്ക വീടുകളും കടകളും കഫേകളും റസ്റ്റാറന്റുകളുമായി മാറിയിട്ടുണ്ടെങ്കിലും, അവയുടെ വാസ്തുവിദ്യാപരമായ പല പ്രത്യേകതകളും ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെ ഈ നിർദേശം അന്തിമ അംഗീകാരത്തിനായി മന്ത്രിസഭക്ക് കൈമാറിയിട്ടുണ്ട്. അംഗീകാരം ലഭിച്ചാൽ, ഭൂപടങ്ങളിൽ പേര് ഉൾപ്പെടുത്തുന്നതിനും ദിശാബോർഡുകൾ സ്ഥാപിക്കുന്നതിനും പുറമെ, പ്രദേശത്തിന്റെ തനതായ ചരിത്രം രേഖപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാനും സാധ്യതയുണ്ട്.
‘ഗവൺമെന്റ് ഡിസ്ട്രിക്ട്’ ചരിത്രം
1950കളുടെ മധ്യത്തിൽ ബഹ്റൈനിലെ പല പ്രദേശങ്ങളിലുമുണ്ടായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ‘ഗവൺമെന്റ് ഡിസ്ട്രിക്ട്’ രൂപം കൊണ്ടത്. 1951ലെ അൽ ദവാവ്ദയിലെ തീപിടിത്തം, 1952ലെ അൽ അദാമയിലെ തീപിടിത്തം, 1954ലെ മുഹറഖ് തീപിടിത്തം എന്നിവയിൽ നിരവധി കുടുംബങ്ങൾക്ക് വീടുകൾ നഷ്ടമായിരുന്നു. ഓല മേഞ്ഞ പരമ്പരാഗത വീടുകളിൽ താമസിച്ചിരുന്നവർക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇതിന് പരിഹാരമായി, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും സഹായിക്കുന്നതിനായി തീപിടിത്തത്തെ പ്രതിരോധിക്കുന്ന കല്ലും സിമന്റും ഉപയോഗിച്ചുള്ള വീടുകളുടെ നിർമാണം ബഹ്റൈൻ സർക്കാർ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി 1962ൽ രാജ്യത്തുടനീളം 285 വീടുകളുടെ ഉടമസ്ഥാവകാശ രേഖകൾ കൈമാറി. ഇതിൽ 41 വീടുകൾ മുഹറഖിലാണ് നിർമിച്ചത്. ഈ പ്രദേശമാണ് പിന്നീട് ‘ഫരീജ് അൽ ഹുകൂമ’ അഥവാ ‘ഗവൺമെന്റ് ഡിസ്ട്രിക്ട്’ എന്ന പ്രാദേശികമായി അറിയപ്പെട്ടത്.എന്നാൽ, പതിറ്റാണ്ടുകൾ കടന്നുപോയപ്പോൾ ഈ വീടുകളിൽ കൂടുതൽ ബഹ്റൈനി തൊഴിലാളികൾ താമസിക്കാൻ തുടങ്ങിയതോടെ ഈ പ്രദേശം ‘ഫരീജ് അൽ ഉമ്മാൽ’ (തൊഴിലാളികളുടെ വീടുകൾ) എന്ന് അറിയപ്പെട്ടു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.