ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
വർക്ക് വിസയിൽ വന്നാൽ ഉടൻ ഫ്ലെക്സി വിസയിലേക്ക് മാറാൻ സാധിക്കുമോ?
ഫ്ലെക്സി വിസ സംബന്ധിച്ച് കഴിഞ്ഞാഴ്ചയിലെ മറുപടി കണ്ടു. രണ്ട് സംശയങ്ങൾ ഉണ്ട്. സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
?. നാട്ടിൽനിന്നും ഒരാൾ വർക്ക് വിസയിൽ ഇവിടെ വന്നാൽ ഉടനെ ഫ്ലെക്സി വിസയിലേക്ക് മാറാൻ സാധിക്കുമോ അതോ ആ സെയിം വർക്ക് വിസയിൽ കുറഞ്ഞത് 3 മാസം /6 മാസം തുടരണം എന്നുണ്ടോ?
വിനു
ഇപ്പോൾ എൽ.എം.ആർ.എ രജിസ്ട്രേഡ് വർക്കർ പെർമിറ്റ് നൽകുന്നതിൽ ചില നിബന്ധനകളുണ്ട്. അതുകൊണ്ട് താങ്കളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകണമെങ്കിൽ ചില വിവരങ്ങൾ കൂടി ആവശ്യമുണ്ട്. താങ്കൾ ഏത് പ്രഫഷനിലുള്ള തൊഴിലാളിയാണ്, താങ്കളുടെ തൊഴിൽ വിസ റദ്ദുചെയ്ത് ഇപ്പോഴത്തെ തൊഴിലുടമ പാസ്പോർട്ട് തിരികെ നൽകുമോ എന്നീ കാര്യങ്ങൾ അറിയേണ്ടതുണ്ട്. എൽ.എം.ആർ.എ നിയമപ്രകാരം ഒരു തൊഴിലിൽനിന്നും വേറെ തൊഴിലിലേക്ക് മാറണമെങ്കിൽ കുറഞ്ഞത് ഒരുവർഷം കഴിയണം. തൊഴിലുടമയുടെ സമ്മതത്തോടെയാണ് വിസ മാറുന്നതെങ്കിൽ ഈ നിബന്ധന ബാധകമല്ല. താങ്കൾക്ക് കൃത്യമായ മറുപടി ലഭിക്കാൻ എൽ.എം.ആർ.എയുടെ നിശ്ചിത സെന്ററിനെ സമീപിക്കുക. എല്ലാ രേഖകളും പരിശോധിച്ചാൽ മാത്രമേ കൃത്യമായ മറുപടി നൽകാനാകൂ.
2. ഇപ്പോൾ എൽ.എം.ആർ.എ ഫ്ലെക്സി വിസ കൊടുക്കുന്നില്ല എന്നൊരാൾ പറഞ്ഞു. ഇത് സത്യമാണോ?
ഇപ്പോൾ ഫ്ലക്സി വിസ കൊടുക്കുന്നില്ല എന്നത് ശരിയാണ്. അതിനു പകരമാണ് കുറെക്കൂടി നിബന്ധനകളുള്ള എൽ.എം.ആർ.എ വർക്കർ പെർമിറ്റ് നൽകാൻ തുടങ്ങിയത്. ഫ്ലക്സി വിസ എന്ന് എഴുതിയത് വായനക്കാർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ്. നേരത്തേ ഫ്ലക്സി പെർമിറ്റ് / വിസ എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ട് ആ വാക്ക് ഉപയോഗിച്ചു എന്നു മാത്രം. ഇപ്പോൾ നൽകുന്ന പെർമിറ്റിൽ പറയുന്നത് എൽ.എം.ആർ.എ രജിസ്ട്രേഡ് വർക്കർ പെർമിറ്റ് എന്നാണ്.
3. എൽ.എം.ആർ.എ ഫീസ് ഇൻസ്റ്റാൾമെന്റ് ആയി കൊടുക്കാൻ സാധിക്കുമോ?
എൽ.എം.ആർ.എ ഫീസ് തവണകളായി നൽകുവാൻ സാധിക്കുകയില്ല. മൊത്തം ഫീസും പെർമിറ്റ് ലഭിക്കുന്ന സമയത്തുതന്നെ നൽകണം. അതുപോലെ മാസ ഫീസ് അതത് മാസത്തിൽ തന്നെ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.