ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
കമ്പനി വിസ മാറ്റി ഫ്ലക്സി വിസ എടുക്കാൻ എന്തു ചെയ്യണം
?കമ്പനി വിസ മാറി എൽ.എം.ആർ.എ വിസ എടുക്കാൻ സാധിക്കുമോ?
- ഷമീർ
താങ്കൾക്ക് രജിസ്ട്രേഡ് വർക്കർ പെർമിറ്റിന് (ഫ്ലക്സി വിസ) അപേക്ഷ നൽകുവാൻ സാധിക്കും. ഈ പെർമിറ്റ് ലഭിക്കുവാൻ പല നിബന്ധനകളും ബാധകമാണ്. ആദ്യം താങ്കൾ ചെയ്യേണ്ടത് എൽ.എം.ആർ.എ വെബ്സൈറ്റ് വഴി താങ്കൾക്ക് ഈ പെർമിറ്റ് ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കണം. താങ്കളുടെ സി.പി.ആർ നമ്പർ ഉപയോഗിച്ച് ഈ വിവരം അറിയാം. അർഹതയുണ്ടെങ്കിൽ താഴെ പറയുന്ന നിബന്ധനകൾ ഏതെങ്കിലും ബാധകമാണോ എന്ന് നോക്കണം.
1 അപേക്ഷ നൽകുന്ന സമയം താങ്കൾ ഇവിടെ ഉണ്ടായിരിക്കണം.
2. ഇപ്പോഴത്തെ വിസയുടെ സ്റ്റാറ്റസ് എന്താണെന്ന് നോക്കണം. വിസ റദ്ദ് ചെയ്തിരിക്കണം. ചെയ്തില്ലെങ്കിൽ നിലവിലെ സ്പോൺസർ അത് റദ്ദ് ചെയ്ത് പാസ്പോർട്ട് താങ്കൾക്ക് നൽകുമെന്ന് തീർച്ചയാക്കണം.
3. നിലവിൽ ക്രിമിനൽ കേസ് ഒന്നും ഉണ്ടായിരിക്കാൻ പാടില്ല
4. ഒരു കമ്പനിയിലും ഷെയർ ഹോൾഡർ/പാർട്ണർ ആയിരിക്കരുത്
5. എൽ.എം.ആർ.എ ഫീസ് നൽകുവാൻ കഴിവുണ്ടായിരിക്കണം
വിസിറ്റ് വിസയിൽ ഇവിടെ വന്നവർക്ക് ഈ പെർമിറ്റ് ലഭിക്കാൻ അർഹതയില്ല
എൽ.എം.ആർ.എ വിസ ലഭിക്കാൻ താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം
1. നിശ്ചിത അപേക്ഷ എല്ലാ വിവരങ്ങളും ചേർത്ത് നൽകണം
2. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട് കോപ്പി
3. ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അതിന്റെ രേഖകൾ
4. എന്തെങ്കിലും പ്രഫഷനൽ പരിചയമുണ്ടെങ്കിൽ അതിന്റെ രേഖകൾ
എല്ലാ രേഖകളും എൽ.എം.ആർ.എയുടെ നിർദിഷ്ട സെന്ററിൽ നൽകണം. ഓൺലൈൻ ആയും അപ്ലോഡ് ചെയ്യണം. എല്ലാ രേഖകളും പരിശോധിച്ച് പെർമിറ്റ് ലഭിക്കാൻ അർഹതയുണ്ടെങ്കിൽ എൽ.എം.ആർ.എയിൽനിന്ന് അറിയിപ്പ് ലഭിക്കും. അപേക്ഷ ഫീസ് ആയി അഞ്ചു ദിനാർ നൽകണം. ഈ പെർമിറ്റ് വ്യത്യസ്ത കാലാവധികളിൽ ലഭിക്കും. (ആറുമാസം, ഒരുവർഷം, രണ്ടു വർഷം)
പെർമിറ്റിന് നൽകേണ്ട ഫീസ്:
a. ആറുമാസ പെർമിറ്റ്: 256 ദിനാർ.
b. ഒരു വർഷത്തെ പെർമിറ്റ്: 342 ദിനാർ
c. രണ്ടു വർഷത്തെ പെർമിറ്റ്: 514 ദിനാർ
തിരികെപോകുവാനുള്ള ടിക്കറ്റിന്റെ പണവും മാസംതോറുമുള്ള ഹെൽത്ത് ഇൻഷുറൻസിന്റെ പണവും അടക്കമാണിത്. ഫീസ് പെർമിറ്റ് ലഭിക്കുന്ന സമയത്ത് നൽകണം. ഓൺലൈൻ ആയും കാഷ് ആയും നൽകാനുള്ള സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.