മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സൗദി സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടാൻ കാരണമായെന്ന് ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവുമായി നടത്തിയ ചർച്ച ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമായി തുടരുന്നതിനും സാഹോദര്യബന്ധത്തിന്റെ ഇഴയടുപ്പം വർധിക്കുന്നതിനും സന്ദർശനം വഴിയൊരുക്കുമെന്ന് യോഗം വിലയിരുത്തി. അൽ ഉല കരാറിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ പുരോഗതിയും മന്ത്രിസഭ വിലയിരുത്തി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അമേരിക്കൻ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ബന്ധത്തിന്റെ ആഴം വർധിപ്പിക്കാൻ ഉതകിയതായി വിലയിരുത്തി. വിവിധ നേതാക്കളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതാണ്. ഇരുരാജ്യങ്ങളിലെയും നേതാക്കൾ നടത്തുന്ന പരസ്പര സന്ദർശനം വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ സഹായിക്കും.
രാജ്യത്തെ വനിതകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി വനിത സുപ്രീം കൗൺസിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും നടപ്പാക്കുന്ന പദ്ധതികളും ആശാവഹമാണെന്ന് കാബിനറ്റ് വിലയിരുത്തി. രാജപത്നിയും വനിത സുപ്രീം കൗൺസിൽ ചെയർപേഴ്സനുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃപാടവം ഇതിൽ ശ്രദ്ധേയ പങ്കുവഹിക്കുന്നുണ്ട്.
ലോക വനിതദിനാചരണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ വനിതകളുടെ പുരോഗതിയും വളർച്ചയും വിലയിരുത്തിയത്.
യമനിലെ ഹൂതികളെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കാനും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്താനും ആയുധ ഉപരോധം ഏർപ്പെടുത്താനുമുള്ള യു.എൻ രക്ഷാ സമിതിയുടെ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. രാസായുധ വികസനം, ഉൽപാദനം, ഉപയോഗം, സംഭരണം എന്നിവയുടെ നിരോധനവുമായി ബന്ധപ്പെട്ട ദേശീയ സമിതിയുടെ പുനഃസംഘടനയെക്കുറിച്ചുള്ള വിദേശകാര്യ മന്ത്രിയുടെ നിർദേശം അംഗീകരിച്ചു.
ടെലികോം അന്താരാഷ്ട്ര സമ്മേളനത്തിലെ പങ്കാളിത്തം, വിവിധ സമ്മേളനങ്ങളിൽ മന്ത്രിമാരുടെ പങ്കാളിത്തം എന്നിവ സംബന്ധിച്ചുള്ള റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.