ഏഷ്യൻ ചാമ്പ്യന്മാരായ ഹാൻഡ്ബാൾ ടീമംഗങ്ങൾ ഹമദ് രാജാവിനൊപ്പം
മനാമ: കുവൈത്തിൽ നടന്ന 22-ാമത് ഏഷ്യൻ പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി ബഹ്റൈന്റെ അഭിമാനമായി മാറിയ ദേശീയ ടീം അംഗങ്ങളെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സഫ്രിയ കൊട്ടാരത്തിൽ സ്വീകരിച്ചു. രാജ്യത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച താരങ്ങളെയും പരിശീലകരെയും ഹമദ് രാജാവ് അഭിനന്ദിച്ചു. ടീമിന്റെ അച്ചടക്കത്തെയും കായികക്ഷമതയെയും പ്രശംസിച്ച അദ്ദേഹം, ബഹ്റൈനിലെ കായിക മേഖല കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഈ വിജയമെന്നും കൂട്ടിച്ചേർത്തു. കൂടാതെ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ താരങ്ങളോടുള്ള ആദരസൂചകമായി ടീം അംഗങ്ങൾക്ക് പാരിതോഷികമായി വീടുകൾ അനുവദിക്കാൻ ഹമദ് രാജാവ് ഉത്തരവിട്ടു. കായിക മേഖലക്ക് ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയും നൽകുന്ന പിന്തുണയെ ഹമദ് രാജാവ് പ്രശംസിച്ചു. കൂടാതെ ബഹ്റൈൻ ഹാൻഡ്ബാൾ ഫെഡറേഷന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ടീമിന് ആവേശമായി കൂടെനിന്ന ബഹ്റൈനിലെ കായിക പ്രേമികളെയും ഹമദ് രാജാവ് ചടങ്ങിൽ പ്രത്യേകമായി പരാമർശിച്ചു.
ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. രാജാവിന്റെ ഈ വലിയ അംഗീകാരം വരാനിരിക്കുന്ന മത്സരങ്ങളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ തങ്ങൾക്ക് വലിയ പ്രചോദനമാണെന്ന് താരങ്ങളും സാങ്കേതിക സമിതി അംഗങ്ങളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.