നാറ്റോ ഉച്ചകോടി അങ്കാറയിൽ: ബഹ്‌റൈനടക്കം നാല് ഗൾഫ് രാജ്യങ്ങൾക്ക് ക്ഷണമുണ്ടായേക്കും

മനാമ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ ജൂലൈ 7, 8 തീയതികളിൽ നടക്കാനിരിക്കുന്ന നാറ്റോ  ഉച്ചകോടിയിലേക്ക് ബഹ്‌റൈനടക്കം നാല് ഗൾഫ് രാജ്യങ്ങളെ ക്ഷണിക്കാൻ നീക്കം നടക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ബഹ്‌റൈന് പുറമേ, കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളെയാണ് ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്നത്. ഈ നാല് രാജ്യങ്ങളും നാറ്റോയുടെ 'ഇസ്താംബുൾ കോ-ഓപ്പറേഷൻ ഇനിഷ്യേറ്റീവ്' എന്ന പങ്കാളിത്ത പദ്ധതിയിലെ അംഗങ്ങളാണ്. ഇവരുടെ വിദേശകാര്യ മന്ത്രിമാരാകും ഉച്ചകോടിയിൽ പങ്കെടുക്കുക.

ഇറാനുമായുള്ള യുദ്ധസാഹചര്യവും ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം. നാറ്റോയുടെ തെക്കൻ മേഖലയിലെ സുരക്ഷാ സഖ്യം ശക്തപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനവും ഹുർമുസ് കടലിടുക്ക് വിഷയത്തിൽ സഖ്യകക്ഷികളെ അദ്ദേഹം വിമർശിച്ചതും നിലവിൽ നാറ്റോ രാജ്യങ്ങൾക്കിടയിൽ ചില അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.

പ്രസിഡന്റ് ട്രംപിന്റെ സൗകര്യാർത്ഥം വളരെ ചുരുങ്ങിയ രീതിയിലാണ് ഇത്തവണത്തെ ഉച്ചകോടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചകോടിയുടെ പ്രധാന സെഷനുകളിൽ 32 അംഗരാജ്യങ്ങളിലെ നേതാക്കൾ മാത്രമായിരിക്കും പങ്കെടുക്കുക. ഇന്തോ-പസഫിക് മേഖലയിൽ ബഹ്‌റൈന്നിന്നുള്ളവരും ഉക്രെയ്നും സൈഡ് ഇവന്റുകളിൽ പങ്കെടുത്തേക്കാം. അടുത്ത ആഴ്ച സ്വീഡനിൽ നടക്കുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇതിന്റെ അന്തിമ രൂപരേഖ തയ്യാറാക്കും.

അതേസമയം ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷക്കായി ബ്രിട്ടൻ അത്യാധുനിക സന്നാഹങ്ങൾ വിന്യസിക്കും. മൈൻ വേട്ട നടത്തുന്നതിനുള്ള സ്വയം നിയന്ത്രിത ഉപകരണങ്ങൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, ടൈഫൂൺ യുദ്ധവിമാനങ്ങൾ, നാവിക കപ്പൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രതിരോധ ദൗത്യത്തിനായി 115 ദശലക്ഷം പൗണ്ട് (ഏകദേശം 58 ദശലക്ഷം ബഹ്‌റൈൻ ദിനാർ) അധിക സഹായവും ബ്രിട്ടൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആധുനിക സംവിധാനങ്ങൾ സാഹചര്യങ്ങൾ അനുകൂലമാകുന്നതോടെ പ്രവർത്തനസജ്ജമാകും.

Tags:    
News Summary - NATO Summit in Ankara: Four Gulf Nations Including Bahrain Likely to be Invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.