മനാമ: ബഹ്റൈനിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം കഴിഞ്ഞദിവസം യാത്രതിരിച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രിയും ഹജ്ജ്-ഉംറ കാര്യ ഉന്നതാധികാര സമിതി ചെയർമാനുമായ നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ സംഘത്തിന് യാത്രയയപ്പ് നൽകി. ഹജ്ജ് തീർഥാടകർക്ക് നൽകുന്ന പിന്തുണക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
വിശുദ്ധ സ്ഥലങ്ങളിലാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്ന സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ് എന്നിവർക്കും ആശംസ അറിയിച്ചു. ബഹ്റൈൻ എയർ പോർട്ടിലാണ് യാത്രയയപ്പ് നൽകിയത്. ബഹ്റൈൻ ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് താഹിർ അൽ ഖത്താൻ, മത കാര്യ വിഭാഗം ഡയറക്ടർ അലി അമീൻ അൽ റയിസ്, ഇസ്ലാമിക കാര്യ അണ്ടർ സെക്രട്ടറി ജസ്റ്റിസ് ഈസ സാമി അൽ മന്നാഇ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഹജ്ജ് തീർഥാടകർക്ക് ബഹ്റൈൻ എയർപോർട്ട് ഒരുക്കിയ സൗകര്യങ്ങൾക്ക് മന്ത്രി നന്ദി അറിയിച്ചു. ബഹ്റൈനിൽനിന്നുള്ള മുഴുവൻ തീർഥാടകർക്കും സൗകര്യങ്ങളൊരുക്കുന്നതിന് 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് ബഹ്റൈൻ ഹജ്ജ് മിഷനെന്ന് ശൈഖ് അദ്നാൻ അൽ ഖത്താൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.