ദേവി അമ്മ
വേഗം കുറഞ്ഞ ജീവിതനേരങ്ങളെ നിറമുള്ളതാക്കുന്ന മനോഹാരിതക്കാണ് വാർധക്യമെന്ന ഓമനപ്പേരുള്ളത്. പ്രായാധിക്യത്തെ വസന്തമാക്കുന്ന മനുഷ്യരുള്ള വീടകം മനോഹരമാണ്. വായനയും പച്ചപ്പും പ്രകൃതിയും ഇന്നലെകളുടെ ഗൃഹാതുരത്വ ഓർമകളും അവർക്ക് ഇമ്പമുള്ള ബന്ധങ്ങളാണ്. അതിലലിഞ്ഞ് ജീവിക്കാൻ ജനിച്ച നാടോ വീടോ കൂടെ വേണമെന്നില്ല, വളർത്തുനാടായ വിദേശത്ത് പ്രവാസിയായി തുടർന്നാലും സാധ്യമാണ്. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ 20 വർഷക്കാലമായി ബഹ്റൈനിൽ ജീവിക്കുന്ന ദേവി അമ്മ.
80കളുടെ ചെറുപ്പമാണ് ദേവി അമ്മക്ക്. ഒരേയൊരു മകളുടെയും മരുമകന്റെയും കൂടെ തുടർജീവിതം ധന്യമാക്കാനാണ് പവിഴദ്വീപിലെത്തിയത്. എന്നാൽ രംഗബോധമില്ലാതെ കടന്നെത്തിയ മരണം ഏഴുവർഷം മുമ്പ് മകളെ കൊണ്ടുപോയി. എങ്കിലും മരുമകൻ പങ്കജ് നല്ലൂരിന് കൂട്ടായി ‘അമ്മ’ മനോഹരകാവ്യമായി ഇവിടെ തുടരുകയായിരുന്നു. വായിച്ചും ചെറിയ ചെടികളും പച്ചക്കറിയും നട്ടും ഒഴിവുസമയങ്ങളെ ദേവി അമ്മ ധന്യമാക്കും. റൂമിന്റെ ബാൽക്കണിയിൽ നിറയെ പച്ചപ്പാണ്. കൂട്ടിന് രണ്ട് വളർത്തുപക്ഷികളും ഒരു പൂച്ചയുമുണ്ട്.
നാട്ടുവിശേഷങ്ങളും വാർത്തകളും ദേവി അമ്മയോട് പറയുന്നത് ‘ഗൾഫ് മാധ്യമമാണ്. കഴിഞ്ഞ ഒരുപതിറ്റാണ്ടിലേറെയായി ഈ പതിവ് തുടങ്ങിയിട്ട്. അവരുടെ ഒരുദിനം തുടങ്ങുന്നതുതന്നെ പത്രവായനയിലൂടെയാണ്. എല്ലാ പേജുകളും സൂക്ഷ്മമായി ദേവി അമ്മ വായിക്കും. ചരമപേജിൽ പരിചയക്കാരെ പരതും. സ്വദേശമായ കോഴിക്കോട്ടെയും കൊയിലാണ്ടിയിലെയും വാർത്തകൾക്ക് കൂടുതൽ ആകാംക്ഷ കാണിക്കും.
ഇക്കാലമത്രയും നാടിനെയും നാട്ടുകാരെയും ദേവി അമ്മ അറിഞ്ഞത് ‘ഗൾഫ്മാധ്യമം’ പത്രത്തിലൂടെയാണ്. പത്രത്തോടൊപ്പം ‘മാധ്യമ’ത്തിന്റെ കുടുംബം മാസികയുടെയും വായനക്കാരിയാണ് അവർ. മറ്റുസമയങ്ങളിൽ ടെലിവിഷനും വിനോദമാണ്. മലബാറിന്റെ തനിമ കെടാത്ത ആധികാരികത ഇന്നും ദേവി അമ്മക്കൊപ്പമുണ്ട്. പ്രവാസലോകത്തെ ജീവിതം ആ മലയാളിത്തനിമക്ക് ഒട്ടും കോട്ടം നൽകിയിട്ടില്ലെന്നർഥം. പാലക്കാട്ടുകാരനായ മരുമകൻ പങ്കജ് നല്ലൂർ ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനാണ്. അഡ്മിനിസ്ട്രേഷൻ മാനേജരായി ജോലി ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ 36 വർഷമായി ബഹ്റൈൻ പ്രവാസി കൂടിയാണ്. രണ്ട് പെൺകുട്ടികളിൽ ഒരാൾ കുടുംബത്തോടൊപ്പം ആസ്ട്രേലിയയിലാണ്. മറ്റൊരാൾ അദ്ദേഹത്തിനും ദേവി അമ്മക്കുമൊപ്പം ബഹ്റൈനിലുണ്ട്.
വാർധക്യം ജീവിതത്തിന്റെ മനോഹരമായ ഒരു സന്ധ്യയാണ്. വേഗം കുറഞ്ഞ ഈ ജീവിതഘട്ടത്തിൽ, പലർക്കും പത്രം ഒരു ദിനചര്യയുടെ ഭാഗവും മാനസികോല്ലാസത്തിനുള്ള പ്രധാന ഉപാധിയുമാണ്. ദേവി അമ്മക്കും അതെ. വാർധക്യത്തിൽ പലപ്പോഴും ഒറ്റപ്പെടലും ഏകാന്തതയും അനുഭവപ്പെട്ടേക്കാം. ഈ സാഹചര്യത്തിൽ വായന ഒരു നല്ല കൂട്ടാളിയായി വർത്തിക്കും. പുതിയ കാലത്തിന്റെ ഡിജിറ്റൽ തിരക്കിനിടയിലും ഒരു കപ്പ് ചായയും മലയാളപത്രവും വാർധക്യകാലത്തെ പലരുടെയും പ്രഭാതത്തിന് നൽകുന്ന സുഖം ഒന്നുവേറെതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.