മനാമ: ബഹ്റൈനിലെ പൊതു ആശുപത്രികളിൽ വിദേശ തൊഴിലാളികൾക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കാനുള്ള നിർദേശം പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. സ്വകാര്യ മേഖലയിലെ നിരക്കുകൾക്ക് സമാനമായ നിരക്കുകൾ ഈടാക്കാനാണ് നീക്കം. ഈ നിർദേശം തുടർ നടപടികൾക്കായി ശൂറ കൗൺസിലിന് കൈമാറി.
സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് എം.പി. ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് നിർദേശം സമർപ്പിച്ചത്. പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുക, പൗരന്മാർക്ക് മുൻഗണന നൽകുക, സർക്കാർ ചെലവുകൾ യുക്തിസഹമാക്കുക, കൂടാതെ വിദേശികൾക്ക് നൽകുന്ന സേവനങ്ങളുടെ ചെലവിന് സമാനമായ ഫീസ് ഈടാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ബഹ്റൈൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകുന്നുണ്ടെങ്കിലും, വിദേശികൾക്കും സന്ദർശകർക്കും ഈടാക്കുന്ന കുറഞ്ഞ ഫീസ് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് എം.പി. ഖാലിദ് ബു അനക് പറഞ്ഞു. പല പ്രവാസികളും എമർജൻസി കേസുകൾക്ക് വെറും ഏഴ് ദിനാർ നൽകി സർക്കാർ ആശുപത്രികളിലെ വലിയ തോതിലുള്ള ചികിത്സ സേവനങ്ങൾ ഉപയോഗിക്കുന്നു. ചിലർ ചികിത്സ ലഭിക്കാൻ ബോധം കെട്ടതായി നടിക്കുന്ന സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്.
പ്രസവ സേവനങ്ങൾക്ക് 150 ദിനാർ മാത്രമാണ് അവർ നൽകുന്നത്, എന്നാൽ യഥാർഥ ചെലവ് 1,000 ദിനാറിലധികം വരും. ഇത് രാജ്യത്തിനും ചികിത്സ കാത്തിരിക്കുന്ന പൗരന്മാർക്കും വലിയ ഭാരമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതു ആശുപത്രികൾക്ക് പൗരന്മാർക്ക് മുൻഗണന നൽകാനും എല്ലാവർക്കും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നിലനിർത്താനും ഈ നിർദേശം അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർവിസ് കമ്മിറ്റി ചെയർമാൻ എം.പി. മംദൂഹ് അൽ സാലെഹ് നിർദേശത്തെ പിന്തുണച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ തുടങ്ങിയ പ്രധാന ആശുപത്രികളിൽ വിദേശികളുടെ ബാഹുല്യം കാരണം പൗരന്മാരുടെ ചികിത്സ വൈകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫീസ് ക്രമീകരിക്കുന്നതിലൂടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ പ്രവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മിക്ക വിദേശികളും നിലവിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിലുള്ളതിനാൽ സർക്കാർ സ്ഥാപനങ്ങളെക്കാൾ സ്വകാര്യ മേഖലയെയാണ് ആശ്രയിക്കുന്നതെന്ന് കമ്മിറ്റി വൈസ് ചെയർമാൻ എം.പി. അബ്ദുൽ വാഹിദ് ഖറാത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.