കിരീടാവകാശിയും കുവൈത്ത് അമീറും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഔദ്യോഗിക കുവൈത്ത് സന്ദർശനം പൂർത്തിയാക്കി ബഹ്റൈനിൽ തിരിച്ചെത്തി. സന്ദർശന വേളയിൽ കുവൈത്ത് അമീർ, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഗൾഫ് മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും വഴിയൊരുക്കി.
കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തിയ കിരീടാവകാശി ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ദൃഢപ്പെടുത്താനുള്ള കാര്യങ്ങൾ ചർച്ചചെയ്തു. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായുള്ള കൂടിക്കാഴ്ചയിൽ സാമ്പത്തിക, നിക്ഷേപ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ ധാരണയായി. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി വിവിധ മേഖലകളിലെ സഹകരണവും പൊതു താൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ, കുവൈത്ത് ഭരണനേതൃത്വത്തിന് പ്രിൻസ് സൽമാൻ നന്ദി സന്ദേശം അയച്ചു. കുവൈത്ത് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.
ബഹ്റൈൻ അധ്യക്ഷത വഹിക്കുന്ന 46ാമത് ജി.സി.സി ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിലും ഗൾഫ് രാഷ്ട്രങ്ങളുടെ ഒരുമ ഉറപ്പാക്കുന്നതിലും കുവൈത്ത് നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ ഖാലിദും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ് പ്രിൻസ് സൽമാനെ വിമാനത്താവളത്തിൽ യാത്രയയച്ചത്. ബഹ്റൈനിൽ തിരിച്ചെത്തിയ അദ്ദേഹത്തെ മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.