വട്ടമേശ ചർച്ചയിൽ പങ്കെടുക്കുന്ന ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി
മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി വാഷിങ്ടണിൽ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ് സംഘടിപ്പിച്ച വട്ടമേശ ചർച്ചയിൽ പങ്കെടുത്തു. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാല നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഗസ്സയിലെ സമാധാന ശ്രമങ്ങളിലും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും ബഹ്റൈന്റെ നിർണായക പങ്ക് അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കി. അമേരിക്കയിലെ ബഹ്റൈൻ സ്ഥാനപതി ശൈഖ് അബ്ദുല്ല ബിൻ റാഷിദ് അൽ ഖലീഫയും ചർച്ചയിൽ പങ്കെടുത്തു.
ഗസ്സ മുനമ്പിലെ പുനർനിർമാണത്തിനും മേഖലയിലെ സമാധാനത്തിനുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ‘ബോർഡ് ഓഫ് പീസിൽ’ ബഹ്റൈൻ സ്ഥാപക അംഗമായി ചേരുമെന്ന് മന്ത്രി അറിയിച്ചു. സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രായോഗിക നടപടികൾക്ക് ബഹ്റൈൻ പിന്തുണ നൽകും.
2020ലെ സമാധാന കരാർ മിഡിൽ ഈസ്റ്റിൽ സഹവർത്തിത്വത്തിന്റെ പുതിയ പാത തുറന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബഹ്റൈൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിങ്ടണിൽ വെച്ച് നടന്ന ‘ശൈഖ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ ആഗോള സ്ത്രീ ശാക്തീകരണ പുരസ്കാരം 2026’-ന്റെ പ്രചാരണ പരിപാടിയിലും ഡോ. അൽ സയാനി പങ്കെടുത്തു.
യു.എൻ വിമൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സീമ സാമി ബഹൂസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഭരണരംഗത്തും സ്വകാര്യ മേഖലയിലും ബഹ്റൈനിലെ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങൾ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.