ഹുസാം അഹമ്മദ്
മനാമ: ബാപ്കോ കമ്പനിയിലെ യൂനിറ്റിലുണ്ടായ വാതക ചോർച്ചയെത്തുടർന്ന് ചികിത്സയിലായിരുന്ന ബഹ്റൈനി സ്വദേശിയായ തൊഴിലാളി മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി. സംഭവദിവസം ജീവനക്കാരായ ബഹ്റൈനി സ്വദേശി മുഹമ്മദ് ഷെഹാബി, സെർബിയൻ സ്വദേശി ഡെജാൻ കോക്ക എന്നിവർ മരണപ്പെട്ടിരുന്നു. വിഷവാതകം ശ്വസിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.
ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മറ്റൊരു ബഹ്റൈനി സ്വദേശിയായ ഹുസാം അഹമ്മദാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. മേയ് രണ്ടിനായിരുന്നു ബാപ്കോയിലെ ഒരു യൂനിറ്റിൽ വാതകച്ചോർച്ചയുണ്ടായത്. ആഭ്യന്തര, സിവിൽ ഡിഫൻസ് മന്ത്രാലയത്തിലെ അടിയന്തര സംഘങ്ങളും ബാപ്കോ റിഫൈനിങ്ങിന്റെ പ്രത്യേക അടിയന്തര സംഘവും അപകട സ്ഥലത്ത് ഉടൻ എത്തിച്ചേരുകയും നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു. പെട്ടെന്നുതന്നെ ചോർച്ച അടച്ച് ജോലി പുനരാരംഭിച്ചതിനാൽ സ്ഥിതിഗതികൾ പൂർണനിയന്ത്രണത്തിലാണെന്നും കമ്പനി അറിയിച്ചിരുന്നു.
മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ബാപ്കോ അനുശോചനമറിയിക്കുകയും പൂർണപിന്തുണയും അറിയിച്ചിട്ടുണ്ട്. അപകടത്തിൽ ഖേദം പ്രകടിപ്പിച്ചും അനുശോചനമറിയിച്ചും മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ബാപ്കോ എനർജി ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര അന്വേഷണ സംഘത്തെ ബാപ്കോ നിയമിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, എണ്ണ-പരിസ്ഥിതി മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ബാപ്കോ എനർജി, ബാപ്കോ റിഫൈനിങ് എന്നിവയിൽ നിന്നുള്ള പ്രതിനിധികളും സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ വിദഗ്ധരും ഉൾപ്പെടുന്നതാണ് സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.