വർഗീസ് ടി. ഐപ്പും കുടുംബവും
നാല് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് വിടചൊല്ലി, ബഹ്റൈൻ തങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്കും അവസരങ്ങൾക്കും സ്നേഹോഷ്മളതക്കും അഗാധമായ നന്ദി രേഖപ്പെടുത്തി മലയാളികളായ വർഗീസ് ടി. ഐപ്പും ഭാര്യ ലാലിയും നാട്ടിലേക്ക് മടങ്ങുന്നു. ആലപ്പുഴ മാവേലിക്കര സ്വദേശിയായ വർഗീസ് 1981 സെപ്റ്റംബർ 30നാണ് ഗൾഫ് മണ്ണിൽ എത്തുന്നത്.
തുടർന്ന് 1982ൽ ബാപ്കോ എഞ്ചിനീയറിങ് ഡിവിഷനിൽ പ്രവേശിച്ചു. പിന്നീടുള്ള നാല് പതിറ്റാണ്ടുകാലം ബഹ്റൈൻ എണ്ണക്കമ്പനിയായ ബാപ്കോക്കുവേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിച്ചശേഷമാണ് അദ്ദേഹം പ്രവാസജീവിതത്തിന് തിരശ്ശീലയിടുന്നത്. തന്നെ ഈ രാജ്യത്ത് എത്തിച്ച സഹോദരങ്ങളായ ജോൺ ഐപ്പ്, പരേതനായ മാത്യു ടി. ഐപ്പ് എന്നിവരുടെ പിന്തുണയും സ്നേഹവും അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു. തൊഴിലിടത്തോടുള്ള വിശ്വസ്തത, സത്യസന്ധത, കഠിനാധ്വാനം എന്നിവയുടെ പര്യായമായാണ് വർഗീസ് ഓർമിക്കപ്പെടുക. തനിക്ക് വളരാൻ അവസരം നൽകിയ സ്ഥാപനത്തോടുള്ള കടപ്പാട് എന്നും അദ്ദേഹത്തിന്റെ മനസ്സിലുണ്ടാകും.
ഔദ്യോഗികജീവിതത്തിന് പുറമെ, ബഹ്റൈനിലെ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ സജീവ അംഗങ്ങളായിരുന്നു വർഗീസും കുടുംബവും. പള്ളിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം അഞ്ച് വർഷം കമ്മിറ്റി മെംബർ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ, സീനിയർ സിറ്റിസൺസ് ഫെലോഷിപ് സെക്രട്ടറി തുടങ്ങി വിവിധ നിലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു.
1985ൽ ബഹ്റൈനിലെത്തിയ ഭാര്യ ലാലി വർഗീസ്, കഴിഞ്ഞ 35 വർഷമായി ജി.പി.ഐ.സി, ആൽബ എന്നിവയിലും വിവിധ ബാപ്കോ പ്രോജക്റ്റുകളിലും പ്രവർത്തിച്ച് പ്രഫഷനൽ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇവരുടെ ഇരട്ട മക്കളായ ബിനോജ് ഐപ്പ് വർഗീസ്, ബിനിത് അലക്സ് വർഗീസ് എന്നിവർ ജനിച്ചുവളർന്നത് ബഹ്റൈനിലാണ്. ഇരുവരും പോസ്റ്റ് ഗ്രാജ്വേറ്റ് മെക്കാനിക്കൽ എഞ്ചിനീയർമാരാണ്. ബിനോജ് ഇപ്പോൾ യു.കെയിലാണ് ജോലി ചെയ്യുന്നത്. ഡോ. രേയയാണ് ഭാര്യ.
ബിനിത് ബംഗളൂരുവിലെ ജി.കെ.എൻ എയ്റോസ്പേസിൽ ജോലി ചെയ്യുന്നു. ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ പിഎച്ച്.ഡി സ്കോളറായ സോണുവാണ് ബിനിത്തിന്റെ ഭാര്യ.
പ്രവാസികൾക്ക് രാജ്യത്ത് ലഭിക്കുന്ന ആത്മാർഥമായ പിന്തുണക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും റോയൽ കുടുംബാംഗങ്ങൾക്കും മന്ത്രിമാർക്കും കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചാണ് വർഗീസും കുടുംബവും നാടണയുന്നത്. ബഹ്റൈൻ ജനതയുടെ സ്നേഹോഷ്മളതയും പ്രവാസിസമൂഹത്തോടുള്ള സ്വീകാര്യതയും നൽകിയ പിന്തുണയും എന്നും മനസ്സിൽ സൂക്ഷിച്ചാണ് ഇരുവരും യാത്രക്കൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.