1- ഫോർമുല 1 വേൾഡ് ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മക്ലാരൻ ടീം, 2-സന്തോഷം പ്രകടിപ്പിച്ച് ബി.ഐ.സിയിലെ കെട്ടിടത്തിൽ ഓറഞ്ച് വെളിച്ചം പ്രകാശിപ്പിച്ചപ്പോൾ
മനാമ: 2025ലെ ഫോർമുല 1 വേൾഡ് ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മക്ലാരന്റെ ഡ്രൈവർ ലാൻഡോ നോറിസിന്റെ വിജയത്തിൽ ആഘോഷിച്ച് രാജ്യം. ഇതിന്റെ ഭാഗമായി ബഹ്റൈൻ ഇന്റർ നാഷനൽ സർക്യൂട്ടിലും രാജ്യത്തെ വിവിധ കെട്ടിടങ്ങളിലും ഓറഞ്ച് നിറത്തിൽ അലങ്കരിച്ചാണ് രാജ്യം സന്തോഷം പ്രകടിപ്പിച്ചത്.
അബൂദബിയിലെ യാസ് മറീന സർക്യൂട്ടിൽ നടന്ന ഫോർമുല വൺ ഇത്തിഹാദ് എയർവേസ് അബൂദബി ഗ്രാൻഡ് പ്രീ കാണാനെത്തിയ കിരീടാവകാശി
ബഹ്റൈൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടായ മുംതലകാത്താണ് മക്ലാരൻ ടീമിന്റെ ഉടമസ്ഥർ. കീരീട നേട്ടത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, പ്രമുഖ വ്യക്തിത്വങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
അബൂദബിയിലെ യാസ് മറീന സർക്യൂട്ടിൽ നടന്ന ഫോർമുല 1 എത്തിഹാദ് എയർവേസ് അബൂദബി ഗ്രാൻഡ് പ്രീയിലെ മൂന്നാം സ്ഥാനത്തോടെയാണ് നോറിസ് ചരിത്രവിജയം കുറിച്ചത്. സിംഗപ്പൂരിൽ കൺസ്ട്രക്ടേഴ്സ് ചാമ്പ്യൻഷിപ് നേടിയതിന് പിന്നാലെ അബൂദബിയിൽ ഡ്രൈവേഴ്സ് കിരീടം കൂടി സ്വന്തമാക്കിയതോടെ, 27 വർഷത്തിനിടെ മക്ലാരൻ ആദ്യമായി ഡബിൾ ചാമ്പ്യൻഷിപ് നേട്ടം കൈവരിച്ചെന്ന ഖ്യാതിയാണ് സ്വന്തമാക്കിയത്. അബൂദബി ഗ്രാൻഡ് പ്രീയിൽ മാക്സ വെസ്റ്റപ്പൻ ഒന്നാം സ്ഥാനവും മക്ലാരന്റെ മറ്റൊരു ഡ്രൈവറായ ഓസ്കാർ പിയസ്ട്രി രണ്ടാം സ്ഥാനവും നേടിയത്.
എന്നാൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത നോറിസ് നേടിയ 15 പോയന്റുകളോടെ ആകെ ഈ സീസണിൽ 423 പോയന്റുകളുമായാണ് ലോക ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ് കിരീടം സ്വന്തമാക്കിയത്. 421 പോയന്റുകളാണ് മാക്സിന് ലഭിച്ചത്. ചരിത്രനേട്ടത്തിൽ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയെ അഭിനന്ദിച്ചു. മക്ലാരന്റെ നേട്ടങ്ങൾ ആഗോള മോട്ടോർസ്പോർട്ട് രംഗത്ത് ബഹ്റൈന്റെ സ്ഥാനം ഉയർത്തുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മുംതലകത്ത് ഹോൾഡിങ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രിയുമായ ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, മക്ലാരൻ എഫ് വൺ ടീം അംഗങ്ങൾ എന്നിവർക്കും പ്രിൻസ് സൽമാൻ അഭിനന്ദനം അറിയിച്ചു.
അബൂദബിയിൽ നടന്ന മത്സരത്തിൽ കിരീടാവകാശി നേരിട്ട് സാക്ഷ്യംവഹിച്ചിരുന്നു. വിജയകരമായി റേസ് സംഘടിപ്പിച്ചതിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്കും കിരീടാവകാശി അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.