മനാമ: ഔദ്യോഗിക രേഖകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പോലും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് കർശനമായി വിട്ടുനിൽക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാർ അടുത്തിടെ 'അൽ അമാൻ' എന്ന സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കവെയാണ് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കിയത്. ഔദ്യോഗിക രേഖകളിൽ നമ്പറുകളോ, ചിത്രങ്ങളോ, ഒപ്പുകളോ മാറ്റുന്നത് ഒരു ക്രിമിനൽ കുറ്റമാണ്, അത് നിയമപ്രകാരം ശിക്ഷാർഹവുമാണ്. ശിക്ഷാനിയമത്തിലെ 270ാം വകുപ്പ് അനുസരിച്ച്, ഔദ്യോഗികമോ സ്വകാര്യമോ ആയ രേഖകളിൽ വരുത്തുന്ന ഏത് മാറ്റവും വ്യാജരേഖ ചമയ്ക്കലായി കണക്കാക്കുമെന്ന് ഡോ. ബഹാർ പറഞ്ഞു.
നിങ്ങൾ ഒരു രേഖ വ്യാജമായി ഉണ്ടാക്കുകയോ, അല്ലെങ്കിൽ മറ്റൊരാൾ വ്യാജമായി ഉണ്ടാക്കിയ രേഖ അറിഞ്ഞുകൊണ്ട് ഉപയോഗിക്കുകയോ ചെയ്താൽ ശിക്ഷ ഒന്നുതന്നെയായിരിക്കും. ഇത്തരം പ്രവൃത്തികൾ പൊതുതാൽപര്യത്തിന് ദോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഔദ്യോഗിക രേഖയിൽ നമ്പറുകൾ കൂട്ടിച്ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക, ചിത്രങ്ങൾ കൂട്ടിച്ചേർക്കുകയോ നീക്കം ചെയ്യുകയോ അംഗീകാരമില്ലാത്ത മാറ്റങ്ങൾ വരുത്തുകയോ ചെയ്യുക, രേഖയുടെ യഥാർഥ ഉടമ അല്ലാത്ത ഒരാളുടെ പേരിൽ ഒപ്പ് ചേർക്കുക, മാറ്റങ്ങൾ വരുത്തുന്നതിന് പുറമെ, ഒരു രേഖയെ പകർത്തുക എന്നിവയെല്ലാം വ്യാജരേഖാ നിർമാണമായി കണക്കാക്കുമെന്നും ഇത് നിയമപ്രകാരം ശിക്ഷാർഹമാണെന്നും അദ്ദേഹം വിശദമാക്കി.
ഒരൊറ്റ ദിവസത്തേക്ക് വേണ്ടിയാണെങ്കിൽ പോലും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകൾ വ്യാജമായി ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ജീവനക്കാർക്കും തൊഴിലുടമകൾക്കും മുന്നറിയിപ്പ് നൽകി. ഒരുദിവസത്തേക്കാണോ എന്നുള്ളത് പ്രശ്നമല്ല, അതൊരു കുറ്റകൃത്യം തന്നെയാണ്.
ജോലിക്ക് പോകാതിരിക്കാനോ പരീക്ഷ മാറ്റിവെക്കാനോ വേണ്ടിയുള്ള ഇത്തരം പ്രവൃത്തികൾക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചാൽ ജീവിതം തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, രോഗികളെ സഹായിക്കാനായി വ്യാജ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കിയ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിക്ക് ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവും 1000 ദിനാർ പിഴയും വിധിച്ചിരുന്നു. സ്വന്തം മരണ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച വ്യക്തിക്ക് 10 വർഷം തടവ് ശിക്ഷ ലഭിച്ച സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.