മനാമ: ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർ ബാങ്ക് കാർഡ് വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ്സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ്. സെർച്ച് എൻജിനുകളിലെ പണം കൊടുത്തുള്ള പരസ്യങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് ജാഗ്രത നിർദേശം. ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാർ സോഷ്യൽ മീഡിയ ഷോയാ
യ 'അൽ അമാനിൽ' സംസാരിക്കവെയാണ് ഉപഭോക്താക്കൾക്ക് നിർദേശങ്ങൾ നൽകിയത്.
ഒരു സേവനത്തിനോ ഉൽപ്പന്നത്തിനോ വേണ്ടി ഓൺലൈനിൽ തിരയുമ്പോൾ മിക്കവരും ഗൂഗിൾ ആണ് ഉപയോഗിക്കാറ്. തിരച്ചിൽ ഫലങ്ങളിൽ കാണിക്കുന്ന വെബ്സൈറ്റുകളിൽ ചിലത് തട്ടിപ്പ് പദ്ധതികൾ മാത്രമായിരിക്കാമെന്ന് ഡോ. ഉസാമ ബഹാർ മുന്നറിയിപ്പ് നൽകി.
‘തിരച്ചിൽ ഫലങ്ങളുടെ ലിസ്റ്റ് കാണിക്കുന്നതിന് മുൻപ് ഒരു കൂട്ടം പരസ്യങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇവ പണം നൽകിയുള്ള പരസ്യങ്ങളാണ്, അതിനുമുകളിൽ ഇംഗ്ലീഷിൽ സ്പോൺസേർഡ് എന്നോ അറബിയിൽ പരസ്യം എന്നോ ചെറിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ടാകും. ഗൂഗിൾ കാണിക്കുന്നതാണെങ്കിൽ പോലും തട്ടിപ്പായിരിക്കാം’.
തട്ടിപ്പുകാർ ഈ പരസ്യ ഇടങ്ങൾ വാങ്ങുകയും അവിടെ വ്യാജ വെബ്സൈറ്റുകൾ സ്ഥാപിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. കാർഡ് വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് വെബ്സൈറ്റ് നിയമപരമാണോ എന്ന് ഉറപ്പുവരുത്താനും, 'വില കുറവെന്നുള്ള' ഓഫറുകൾ കണ്ട് വഞ്ചിതരാകരുതെന്നും കേണൽ ഡോ. ബഹാർ മുന്നറിയിപ്പ് നൽകി. കുറച്ച് ദിനാർ ലാഭിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത്, പണം മൊത്തത്തിൽ നഷ്ടപ്പെടാതിരിക്കാൻ വിശ്വസ്തമായ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
- പരസ്യങ്ങളിൽ കാണുന്ന ഓപ്ഷനുകളിലൊന്ന് തട്ടിപ്പുകാർ പണം നൽകി വാങ്ങിയ വ്യാജൻ ആകാം.
- വില കുറവാണെന്ന് കണ്ട് കാർഡ് വിവരങ്ങൾ നൽകി പണമടച്ചാൽ നിമിഷനേരം കൊണ്ട് നിങ്ങളുടെ പണം നഷ്ടപ്പെടാം.
- ഇത്തരം തട്ടിപ്പുകൾക്കെതിരെ ഗൂഗിൾ പോലും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- അറിയുന്നതും വിശ്വസിക്കുന്നതുമായ വെബ്സൈറ്റുകളിൽ മാത്രം പണമടക്കുക. വില കുറവാണെങ്കിൽ പോലും അപരിചിതമായ സൈറ്റുകൾ ഉപയോഗിക്കരുത്.
- വിശ്വസ്തമായ സൈറ്റുകളെ ആശ്രയിക്കുക, വിശ്വസ്തമായ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക, ഗൂഗിളിലോ മറ്റ് സെർച്ച് എൻജിനുകളിലോ വരുന്ന വാണിജ്യ പരസ്യങ്ങൾ ഒഴിവാക്കുക.
- ഡൊമെയ്ൻ നാമങ്ങൾ (വെബ്സൈറ്റ് വിലാസം) കൃത്യമാണെന്നും അക്ഷരത്തെറ്റുകൾ ഇല്ലെന്നും ഉറപ്പുവരുത്തുക.
- സംശയമുണ്ടെങ്കിൽ, പണം നൽകുന്നതിന് മുമ്പ് വിശ്വസ്തരായ ആരോടെങ്കിലും സഹായം തേടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.