ദേശീയ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന എൽ.എം.ആർ.എ സി.ഇ.ഒയും ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി അധ്യക്ഷനുമായ നിബ്രാസ് താലിബ്
മനാമ: മനുഷ്യക്കടത്ത് തടയുന്നതിനുള്ള യത്നങ്ങളും സംവിധാനങ്ങളും സുസ്ഥിരമാക്കുക എന്നത് ബഹ്‌റൈൻ തുടർച്ചയായി ലക്ഷ്യമിടുന്ന പ്രധാന കാര്യമാണെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) സി.ഇ.ഒയും ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി അധ്യക്ഷനുമായ നിബ്രാസ് താലിബ് വ്യക്തമാക്കി. ഈ വിഷയത്തിൽ വ്യക്തികളും സ്വകാര്യ മേഖലയും സന്നദ്ധ സംഘടനകളും ഉൾപ്പെടുന്ന പങ്കാളിത്തം സർക്കാറിന്‍റെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
‘മനുഷ്യക്കടത്ത് തടയുന്നതിലെ ദേശീയ പങ്കാളിത്തം’ എന്ന പ്രമേയത്തിൽ നടന്ന മൂന്നാമത് ദേശീയ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ മന്ത്രാലയ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫയുടെയും നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഈ ഫോറം നടന്നത്. ഈ ചടങ്ങിൽ എൽ.എം.ആർ.എയുടെ കീഴിലുള്ള റീജിയണൽ ട്രെയിനിങ് സെന്ററിന്റെ പുതിയ ഐഡന്റിറ്റി പ്രകാശനം ചെയ്യുകയും, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി സഹകരിച്ച് പരിശീലനങ്ങളും ഗവേഷണങ്ങളും നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മനുഷ്യക്കടത്ത് മേഖലയിലെ ശാസ്ത്രീയ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പ്രഖ്യാപിച്ച പുതിയ ഗവേഷണ അവാർഡിനെ നിബ്രാസ് താലിബ് പ്രശംസിച്ചു. കൂടാതെ, സ്വകാര്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ബാപ്കോ റിഫൈനിങ്, അൽബ, തലബാത്ത് എന്നീ കമ്പനികൾക്ക് മികച്ച മാതൃകകൾക്കുള്ള അവാർഡും ചടങ്ങിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.