52 വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒടുവിൽ നാടണയാൻ പോവുകയാണ് മൂസാക്ക. അന്ന് കടൽ താണ്ടി ഉരുവിലേറി പവിഴദ്വീപിലേക്ക് കപ്പൽ കയറുമ്പോൾ മൂസാക്കയെന്ന പേരാമ്പ്രക്കാരന്റെ മനസ്സിൽ ഒരുപിടി സ്വപ്നങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന്, 52 വർഷങ്ങൾക്കിപ്പുറം ആ സ്വപ്നങ്ങളെല്ലാം പൂവണിയിച്ച്, ഒരു ആയുസ്സിന്റെ വലിയൊരു ഭാഗം ഈ മണൽത്തരികളിൽ ബാക്കിവെച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണ്. പ്രവാസത്തിന്റെ ഓരോ ഏടുകളും വായിച്ചറിഞ്ഞ ആ വലിയ അനുഭവസമ്പത്തുമായി മൂസാക്ക മടങ്ങുമ്പോൾ, അത് കേവലം ഒരു മടക്കയാത്രയല്ല; ഒരു ചരിത്രത്തിന്റെ തന്നെ പൂർത്തീകരണമാണ്."
1974ൽ ബഹ്റൈനിലെത്തിയതായിരുന്നു അദ്ദേഹം. ‘അന്നത്തെ ജീവിതം വല്ലാത്തൊരു ജീവിതമായിരുന്നു’ - വൈദ്യുതിയും എ.സിയും ഹീറ്ററും നല്ലൊരു താമസ സൗകര്യവുമില്ലാത്ത കാലത്തെ പ്രവാസ ജീവിതത്തിന്റെ കഷ്ടതകൾ മൂസാക്ക ഓർത്തെടുത്തു. ചൂടുകാലവും തണുപ്പുകാലവും ഒരുപോലെ പ്രയാസങ്ങൾ തന്ന ആ കാലം കടന്ന് ബഹ്റൈൻ വിട്ടുപോകാനൊരുങ്ങുമ്പോൾ അന്നം തന്ന നാടിന്റെ വളർച്ചയെയും വികസനങ്ങളെയും കുറിച്ചാണ് മൂസാക്ക വാചാലനാകുന്നത്. ‘‘അന്ന് വന്നപ്പോഴുള്ള ചെറിയ ബഹ്റൈനല്ല ഇപ്പോൾ’..! അതിന്റെ പത്തിരട്ടി വലുപ്പവും സുഖസൗകര്യങ്ങളും കൂറ്റൻ കെട്ടിടങ്ങളും തിങ്ങിനിറഞ്ഞ ബഹ്റൈനിന്റെ മാറ്റം അനുഭവച്ചറിഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത്.
യൗവനകാലത്ത് ഷവർമ മേക്കറായി ബഹ്റൈനിലെത്തിയതായിരുന്നു മൂസാക്ക. കഴിഞ്ഞ 13 വർഷമായി ഓഫിസ് ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്നിപ്പോൾ എണ്ണമറ്റ പരിചയക്കാരും ബഹ്റൈനിൽ അദ്ദേഹത്തിനുണ്ട്. എന്നാൽ, പണ്ടുകാലത്ത്, ഒരു മലയാളിയെ കാണാനും സൊറ പറയാനും വെള്ളിയാഴ്ച വരെ കാത്തിരിക്കേണ്ടിവരുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ‘‘അയക്കൂറ പാർക്കിനടത്ത് പോയാൽ ആരെയെങ്കിലും കിട്ടും അവരോട് ഏറെ നേരം കഥ പറഞ്ഞിരിക്കും’’ - മൂസാക്ക പറയുന്നു. ഇവിടെയുള്ള തന്റെ പരിചയക്കാരോട് യാത്ര പറയുന്നതിന്റെ ദുഃഖവും അദ്ദേഹം മറച്ചുവെക്കുന്നില്ല.
തന്റെ 72ാം വയസ്സിൽ നാട്ടിൽ കുടുംബത്തിനൊപ്പം വിശ്രമ ജീവിതം നയിക്കാനുള്ള ഒരുക്കത്തിലാണ് മൂസാക്ക. ജനുവരി 11-നാണ് നാട്ടിലേക്ക് തിരിക്കുന്നത്. നാട്ടിലെ പള്ളിയുമായി ചേർന്ന് പ്രവർത്തിക്കാനും വീടിനടുത്തായുള്ള അറബിക് കോളജിലെ വിദ്യാർഥികൾക്ക് തണലാകാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് മൂസാക്ക പറഞ്ഞുനിർത്തി. മകൻ നജീൽ മൂസ ഇപ്പോൾ ബഹ്റൈനിലുണ്ട്. രണ്ട് പെൺമക്കളിൽ ഒരാൾ ഖത്തറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.