സാമൂഹിക പ്രവർത്തകൻ റിയാസ് ഒമാനൂരും ഹൈദരാബാദ് സ്വദേശി ജനാർദനനും
മനാമ: ബഹ്റൈനിൽ എട്ടുവർഷം വിസയോ കൃത്യമായ താമസ സ്ഥലമോ ഭക്ഷണമോ ഇല്ലാതെ ദുരിതജീവിതം നയിച്ച പ്രവാസിക്ക് ആശ്വാസ മടക്കയാത്ര. ഹൈദരാബാദ് സ്വദേശി ജനാർദനനാണ് സാമൂഹിക പ്രവർത്തകൻ റിയാസ് ഒമാനൂരിന്റെയും സഹപ്രവർത്തകരുടെയും കാരുണ്യത്തോടെ വീടണയുന്നത്.
ഒമ്പതു വർഷം മുമ്പ് ബഹ്റൈനിലെ അസ്കറിലെ ഒരു മെയിന്റനൻസ് കമ്പനിയിൽ ജോലിക്കെത്തിയ ജനാർദനൻ മുമ്പ് 11 വർഷം യു.എ.ഇയിലും രണ്ടു വർഷം ഒമാനിലും കാർപെന്റർ ജോലി ചെയ്തിരുന്നു.
മെച്ചപ്പെട്ട ജോലിയെന്ന നിലയിൽ കിട്ടിയ വിസയിലാണ് പിന്നീട് ബഹ്റൈനിലെത്തുന്നത്. എന്നാൽ, ജനാർദനനെ എത്തിച്ചത് തീരാദുരിതത്തിലേക്കാണ്. പാസ്പോർട്ടും രേഖകളും വാങ്ങിവെച്ച കമ്പനി അധികൃതർ വേണ്ടത്ര പരിഗണന നൽകാതെയും കൃത്യമായ ശമ്പളം നൽകാതെയും പ്രയാസപ്പെടുത്തി.
ഒരു വർഷം കാലാവധിയുള്ള വിസയായതിനാൽ അതു കഴിഞ്ഞ് കമ്പനി മാറാമെന്നായി പിന്നീട് ചിന്ത. എന്നാൽ, അതിനുള്ള ശ്രമങ്ങളെ കമ്പനി അധികൃതർ തടയുകയും പാസ്പോർട്ട് തിരികെ നൽകാതിരിക്കുകയും ചെയ്തു.
ശേഷം പാസ്പോർട്ടോ വിസയോ ഇല്ലാതെ കമ്പനി വിട്ടിറങ്ങുകയായിരുന്നു. അസ്കറിലും പരിസരങ്ങളിലും മറ്റു ചില താൽക്കാലിക ജോലികൾ ചെയ്തെങ്കിലും രേഖകളൊന്നും കൈവശമില്ലെന്ന കാരണത്താൽ പലരും പറഞ്ഞു വിടുകയായിരുന്നു. പിന്നീടങ്ങോട്ട് ജനാർദനന്റെ ജീവിതം തീർത്തും ദുരിതപൂർണമായി.
ഗ്യാസ് ഗോഡൗണിൽ കിടന്നുറങ്ങിയും ഭക്ഷണമില്ലാതെ അലഞ്ഞുതിരിഞ്ഞും അദ്ദേഹം അസ്കറിന്റെ പരിസരത്ത് കഴിച്ചു കൂട്ടുകയായിരുന്നു. അതിനിടയിൽ 2019 ൽ കമ്പനിയിലേക്ക് പാസ്പോട്ട് അന്വേഷിച്ചു ചെന്നപ്പോൾ അവർ തിരിച്ചു നൽകി. പക്ഷേ, അപ്പോഴേക്കും പാസ്പോർട്ടിന്റെയും കാലാവധി അവസാനിച്ചിരുന്നു.
പിടികൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ അസ്കറിന്റെ പരിസരത്ത് അലക്ഷ്യമായി തുടരുകയായിരുന്നു അദ്ദേഹം.
പലരുടെയും കാരുണ്യത്തിൽ എപ്പോഴെങ്കിലും ലഭിച്ചിരുന്ന ഭക്ഷണം മാത്രമായിരുന്നു ജനാർദനന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഈ അവസ്ഥ കണ്ട അസ്കറിലെ മുക്കം സ്വദേശിയായ ഹോട്ടലുടമ ഷാജി വിഷയം സാമൂഹിക പ്രവർത്തകൻ റിയാസ് ഒമാനൂരിനെ അറിയിക്കുകയായിരുന്നു.
ശേഷം ജനാർദനനെ അന്വേഷിച്ച് അസ്കറിലെത്തിയ റിയാസ് മൊബൈൽ ഫോണോ മറ്റോ ഇല്ലാത്ത അദ്ദേഹത്തെ മറ്റ് പ്രവാസി സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു.
കാരുണ്യത്തിന്റെ കൈ നൽകിയ റിയാസും സംഘവും വിവരാന്വേഷണങ്ങൾ നടത്തിയ ശേഷം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യർഥനക്ക് നാട്ടിലെത്തിക്കാമെന്ന ആശ്വാസ വാഗ്ദാനം നൽകുകയായിരുന്നു.
പിന്നീട് എംബസിയിലെ തുടർനടപടികൾ പൂർത്തിയാക്കിയും അനധികൃതമായി രാജ്യത്ത് തുടർന്നതിലുള്ള പിഴ അടക്കുകയും ചെയ്തതോടെ നാട്ടിലേക്ക് പോവാനുള്ള വഴി തുറക്കുകയായിരുന്നു.
ബീഡി തൊഴിലാളിയായ ഭാര്യയും ഒരു മകളും മകനുമടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം. വെള്ളിയാഴ്ച വൈകീട്ട് ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് ജനാർദനൻ ഹൈദരബാദിലേക്ക് യാത്ര തിരിക്കും... ആശ്വാസത്തിന്റെ സമാധാനത്തിന്റെ സന്തോഷത്തിന്റെ യാത്ര.....
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.