മനാമ: കേന്ദ്ര ബജറ്റിന് പിറകെ കേരള ബജറ്റിലും പ്രവാസികൾക്ക് നിരാശ. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും പരിഗണിച്ച ധനമന്ത്രി ബാലഗോപാൽ പ്രവാസികളെ തീർത്തും നിരാശപ്പെടുത്തി. പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും കേരള സംസ്ഥാന ബജറ്റിലും കാര്യമായ പ്രഖ്യാപനങ്ങളോ തുക വകയിരുത്തലോ ഉണ്ടായില്ല. പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോകകേരള കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ആശ്വാസമായി ആകെയുള്ളത്. ഇതിന് അഞ്ച് കോടി വകയിരുത്തി.
കേരളീയ ഭക്ഷണവിഭവങ്ങൾ ലഭ്യമാകുന്ന ഫുഡ് കോർട്ടുകൾ, നാടൻ ഉൽപന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനശാലകൾ, നാടൻ കലാരൂപങ്ങളുടെ അവതരണം, സമീപജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂർ പാക്കേജുകൾ തുടങ്ങിയവ ലോക കേരള കേന്ദ്രത്തിൽ ലഭ്യമാകണം. പ്രവാസി സംഘടനകൾക്ക് അവരുടെ അംഗങ്ങളേvയും സുഹൃത്തുക്കളേയും ഉൾപ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കാം. പ്രവാസി സംഘടനകളുടെ നാട് സന്ദർശന പരിപാടികൾക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇൻസെന്റിവ് അനുവദിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. എന്നാൽ, ഇതല്ല പ്രവാസികളുടെ യഥാർഥ ആവശ്യം. തിരിച്ചുവരുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ്, പ്രവാസി പെൻഷൻ, വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ സബ്സിഡി,
വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ വിഹിതം തുടങ്ങി പ്രവാസികളുടെ സ്ഥിരം ആവശ്യങ്ങളോട് കേന്ദ്ര ബജറ്റ് പോലെ കേരള ബജറ്റും മുഖം തിരിച്ചു. 300 കോടിയുടെ പ്രവാസി പാക്കേജ് വേണമെന്നാണ് കേരള ധനമന്ത്രി കേന്ദ്ര ബജറ്റിന് മുന്നോടിയായി ആവശ്യപ്പെട്ടത്. പ്രവാസികൾ സംസ്ഥാനത്തിന്റെ പരിഗണന പട്ടികയിലുണ്ടെന്ന പ്രതീക്ഷയുളവാക്കാൻ ഇത് കാരണമായിരുന്നു. എന്നാൽ, ബജറ്റ് അവതരിപ്പിച്ചപ്പോൾ അദ്ദേഹം പ്രവാസികളെ നിരാശപ്പെടുത്തി. മടങ്ങിപ്പോകുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെങ്കിലും വർഷങ്ങളായി ബജറ്റിൽ അവഗണന നേരിടുന്ന വിഭാഗമാണ് പ്രവാസികൾ. ഗൾഫിൽനിന്ന് മികച്ച പരിശീലനം നേടി നാട്ടിലെത്തിയവരുടെ കഴിവ് നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും പ്രവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്നു.
കുവൈത്ത് സിറ്റി: പ്രവാസികൾ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ഊന്നിപ്പറഞ്ഞ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
2024ലെ കണക്കനുസരിച്ച് പ്രവാസികളയക്കുന്ന പണത്തിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. 2023ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം ഇന്ത്യയിൽ പ്രവാസികളയക്കുന്ന പണത്തിന്റെ 21 ശതമാനവും സംഭാവന ചെയ്യുന്നത് കേരളത്തിൽനിന്നുള്ള പ്രവാസികളാണെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രവാസം ഒട്ടേറെ പേർക്ക് നഷ്ടക്കച്ചവടമായതിനാൽ ഈ രംഗത്തെക്കുറിച്ച് ബോധവത്കരണം നടത്തും. വിദേശത്തെ തൊഴിൽ കമ്പോളത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്ത കുടിയേറ്റമാണ് പ്രശ്നങ്ങൾക്ക് കാരണം.
എല്ലാ പ്രവാസത്തെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്ന പ്രവണത തിരുത്തേണ്ടതുണ്ട്. കേരളത്തിൽനിന്ന് പുറത്തേക്ക് പോവുന്ന കുടിയേറ്റത്തെ ജനസംഖ്യ പരിണാമമായി വേണം കരുതാൻ എന്ന് അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥക്ക് പ്രവാസികൾ നൽകുന്ന പിന്തുണയിൽ സംശയമില്ലാത്ത ധനമന്ത്രി പദ്ധതികൾക്ക് പണം നീക്കിവെക്കുമ്പോൾ പ്രവാസികളെ മറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.