ഐ.സി.എഫ് മുഹറഖ് റീജ്യൻ കമ്മിറ്റി ബഷീർ കടമേരിക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ
കെ.സി. സൈനുദ്ദീൻ സഖാഫി ഉപഹാരം നൽകുന്നു
മനാമ: ബഷീർ കടമേരി എന്ന പേര് മുഹറഖിലും പരിസരങ്ങളിലും ഉള്ള പ്രവാസി മലയാളികൾക്ക് സുപരിചിതമാണ്. 1984ൽ പ്രവാസജീവിതം ആരംഭിച്ച ബഷീർ ബഹ്റൈനിൽ 25 വർഷത്തെ സേവനത്തിനുശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
പ്രവാസ ജീവിതത്തിനിടയിലെ ഒഴിവ് സമയങ്ങൾ സാമൂഹിക സാംസ്കാരിക സേവനപ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റി വെച്ചു.1980ല്‍ ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് രൂപവത്കരിച്ചതിന് ശേഷം മുഹറഖ് ഏരിയ കമ്മിറ്റി നിലവിൽ വന്നത് മുതൽ സജീവപ്രവർത്തകനായും വിവിധ ഘടകങ്ങളിൽ ഭാരവാഹിയായും അദ്ദേഹം നിറഞ്ഞുനിന്നു.
ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് ഐ.സി.എഫ് എന്ന പേര് സ്വീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഘടനയുടെ മുഹറഖ് റീജിയൻ തസ്കിയ സെക്രട്ടറിയാണ് ബഷീർ കടമേരി. അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും മുഹറഖ് ഏരിയയിൽ ഐ.സി.എഫിന് വലിയ ഊർജം പകർന്നു.
കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യസേവന പ്രവര്‍ത്തനരംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാർഥ്യവുമായാണ് ബഷീർ സാഹിബ് ബഹ്റൈനോട് വിടപറയുന്നത്.
പ്രതിസന്ധികളും പ്രതിബന്ധങ്ങളും പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.
ഈ സമയങ്ങളിലൊക്കെ ശുഭപ്രതീക്ഷയോടെ മുന്നേറിയാല്‍ എല്ലാം നമുക്ക് അനുകൂലമായി മാറുമെന്നതാണ് തന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങളില്‍നിന്ന് ഞാന്‍ പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രവാസികള്‍ക്ക് നല്ല സ്വാതന്ത്ര്യം വകവെച്ചുനല്‍കുന്ന രാജ്യമാണ് ബഹ്റൈന്‍.
മതസൗഹാര്‍ദത്തിനും വിശാലമനസ്കതക്കും വലിയ പ്രാധാന്യം നല്കുന്ന ഈ രാജ്യത്തെ ജനങ്ങളില്‍നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സജീവമായ നാല് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ബഷീർ സാഹിബിന് ഐ.സി.എഫ് മുഹറഖ് റീജ്യൻ ഹൃദ്യമായ യാത്രയയപ്പ് നൽകി.
മുഹറഖ് സുന്നി സെന്ററിൽ നടന്ന ചടങ്ങിൽ സൈനുദ്ദീൻ സഖാഫി, അബ്ദുൾ ഹഖീം സഖാഫി കിനാലൂർ, അബ്ദുസമദ് കാക്കടവ്, ഷഫീഖ് കെ.പി, മുഹമ്മദ് കോമത്ത്, അബ്ദുറഹ്മാൻ കെ.കെ, ഇബ്രാഹീം വി, അബ്ദുറസാഖ്, സാലിഹ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.