ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കുറവ്; ആയിരം വാഹനങ്ങളിൽ ഒരെണ്ണം മാത്രം ‘ഇ.വി’!

മനാമ: പുതിയ ചാർജിംഗ് ചട്ടങ്ങളും രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടും ബഹ്‌റൈനിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി) ഉപയോഗം വളരെ കുറഞ്ഞ നിരക്കിൽ തുടരുന്നു. കാർ മാർക്കറ്റ് കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ ഉള്ളത് ഏകദേശം 800 ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ്. എന്നാൽ 2025 അവസാനത്തോടെ ബഹ്‌റൈനിൽ ലൈസൻസുള്ള ആകെ വാഹനങ്ങളുടെ എണ്ണം 7,94,677 എണ്ണം വരും. അതായത്, രാജ്യത്തെ റോഡുകളിലോടുന്ന ഓരോ ആയിരം വാഹനങ്ങളിലും ഒരെണ്ണം മാത്രമാണ് ഇലക്ട്രിക് വാഹനം. ഉയർന്ന വില, ചാർജിംഗിനെക്കുറിച്ചുള്ള ആശങ്കകൾ, ചെലവേറിയ ബാറ്ററികളും റിപ്പയറിംഗും, സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, ഇൻഷുറൻസ് ചെലവ്, പരിശീലനം ലഭിച്ച മെക്കാനിക്കുകളുടെ കുറവ് എന്നിവയാണ് ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് അകറ്റുന്നത്.

ചാർജിംഗ് രംഗത്തും നിയമനിർമ്മാണത്തിലും പുരോഗതിയുണ്ടെങ്കിലും അതിനനുസരിച്ച് ഇവികളുടെ എണ്ണം വർദ്ധിച്ചിട്ടില്ല. ഈ വർഷം ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ബഹ്‌റൈനിൽ 12 ഇവി ചാർജിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 10 എണ്ണം അൾട്രാ-ഫാസ്റ്റ് ചാർജറുകളും 2 എണ്ണം സ്ലോ ചാർജറുകളുമാണ്. 2025 ഒക്ടോബറിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് അൾട്രാ-ഫാസ്റ്റ് സ്റ്റേഷനുകൾ തുറന്നത്. കൂടാതെ, 2025 ലെ ഒന്നാം നമ്പർ ഡിസിഷൻ പ്രകാരം ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങളും ബഹ്‌റൈൻ നടപ്പിലാക്കിയിട്ടുണ്ട്. ഗ്രിഡുമായി ബന്ധിപ്പിക്കൽ, സുരക്ഷ, അംഗീകൃത ഉപകരണങ്ങൾ, കോൺട്രാക്ടർമാർ, ഹോം ചാർജിംഗ്, കൊമേഴ്സ്യൽ ചാർജിംഗ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ചാർജർ ഉടമകൾ, വൈദ്യുതി ഉപയോഗം, ലൊക്കേഷനുകൾ എന്നിവ രേഖപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് രജിസ്റ്ററും നിലവിലുണ്ട്.

വാഹനങ്ങൾ, ബാറ്ററികൾ, പവർ സ്റ്റോറേജ്, ചാർജിംഗ് സിസ്റ്റങ്ങൾ എന്നിവ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ നിരന്തരം അവലോകനം ചെയ്യേണ്ടതുണ്ടെന്ന് ശൂറ കൗൺസിൽ സർവീസസ് കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് തലാൽ അൽ മന്നായി പറഞ്ഞു. വെറും ഇറക്കുമതിക്ക് അനുമതി നൽകുന്നത് മാത്രം പോരാ, ഉപയോഗം വർദ്ധിക്കുന്നതനുസരിച്ച് മുഴുവൻ സിസ്റ്റവും പുനഃപരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രിഡിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യതയും ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനൊപ്പം തന്നെ പുനരുപയോഗ ഊർദ്ധ്യസ്രോതസ്സുകളുടെ ഉപയോഗവും വർദ്ധിക്കേണ്ടതുണ്ട്. പാർലമെന്റിന്റെ ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ എം.പി അഹമ്മദ് അൽ സല്ലൂം റെസിഡൻഷ്യൽ ഏരിയകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.

ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും സ്വകാര്യ കമ്പനികൾക്ക് പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതം, ഊർജം, നിക്ഷേപം, നിയമനിർമ്മാണം എന്നിവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള സമഗ്രമായ ഒരു ദേശീയ പദ്ധതിയാണ് ആവശ്യമെന്നും, നിലവിൽ പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളാണ് ബഹ്‌റൈനിലെ റോഡുകളിൽ ഭൂരിഭാഗവുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Tags:    
News Summary - electric vehicles usage in bahrain is law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.