ചെറിയ പെരുന്നാളിനെ കൈകളിൽ മൈലാഞ്ചിയണിഞ്ഞ് വരവേൽക്കുന്ന പ്രവാസി കുടുംബം ചിത്രം സത്യൻ പേരാമ്പ്ര
മനാമ: മേഖലയിൽ തുടരുന്ന പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയോടെ തളരാത്ത സഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും സ്നേഹത്തിന്‍റെയും പ്രതീകമായി ചെറിയ പെരുന്നാളിനെ ആഘോഷിക്കുകയാണ് ബഹ്റൈൻ. ഒരു മാസക്കാലം നീണ്ടുനിന്ന കഠിനമായ വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ചെടുത്ത ആത്മനിയന്ത്രണത്തിന്‍റെയും സഹനത്തിന്‍റെയും വിജയ വിളംബര ദിനം കൂടിയാണ് ഈ ദിനം. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് റമദാൻ 30 പൂർത്തിയാക്കിയാണ് പെരുന്നാളിലേക്ക് വിശ്വാസികളെത്തിയത്.
പതിവ് പോലെ അല്ലെങ്കിലും ചെറുരീതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലൂടെയാണ് ഇത്തവണത്തെ പെരുന്നാൾ. ഈദ് ഗാഹുകൾക്ക് ഇത്തവണ കൽപ്പിച്ച വിലക്ക് ചെറു രീതിയിലെങ്കിലും പ്രയാസം തോന്നുമെങ്കിലും ആഘോഷങ്ങൾക്ക് മങ്ങലേൽക്കാതെ പരസ്പരാലിംഗനവും സൗഹൃദം പങ്കുവെക്കലുമായി പ്രവാസികളടക്കം പെരുന്നാളിനെ മനോഹരമാക്കും. റമദാനിൽ ജുമുഅ അനുവദിച്ച എല്ലാ പള്ളികളിലും പെരുന്നാൾ നിസ്കാരത്തിനും അനുമതിയുണ്ടെന്ന് സുന്നി സുന്നി വഖ്ഫ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.നിലവിലെ സാഹചര്യത്തിൽ പെരുന്നാളിനോടനുബന്ധിച്ച് നടത്താനിരുന്ന പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
പെരുന്നാൾ പ്രമാണിച്ചു ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും രാജകുടുംബാംഗങ്ങൾക്കും രാജ്യത്തെ പ്രമുഖ വ്യക്തികളും വിദേശ രാജ്യ ഭരണാധികാരികളും ആശംസകൾ നേർന്നു. ഈദുൽ ഫിത്ർ പകർന്നുനൽകുന്ന ക്ഷമയുടെയും പ്രാർത്ഥനയുടെയും കരുത്തിൽ, വരും ദിനങ്ങളിൽ മേഖലയിൽ ശാശ്വത സമാധാനം പുലരുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവാസികളടക്കമുള്ള വിശ്വാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.