മനാമ: മയക്കുമരുന്ന് കടത്തിയതിന് ഇന്ത്യൻ പ്രവാസിയായ മൊബൈൽ ഷോപ് ജീവനക്കാരന് 15 വർഷം തടവും 5000 ദിനാർ പിഴയും ശിക്ഷ. കള്ളക്കടത്തിന് ‘ഡെഡ് മെയിൽ’ രീതി ഉപയോഗിച്ച 26കാരനായ ഇന്ത്യക്കാരനെയാണ് ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചത്. കാനഡയിൽ നിന്നെത്തിയ 2.585 കിലോഗ്രാം ഹാഷിഷ് മൃഗങ്ങളുടെ ഭക്ഷണമെന്ന വ്യാജേനെ ഒളിപ്പിച്ച നിലയിലായിരുന്നു.
മയക്കുമരുന്ന് വിൽപനക്കായി പ്രതി നിരവധി വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പരിശോധനക്കിടെ സംശയം തോന്നിയ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനാണ് പാക്കേജ് കണ്ടെത്തിയത്. കേസ് ആന്റി നാർകോട്ടിക് ഡയറക്ടറേറ്റിന് കൈമാറി. സാധനം വാങ്ങാൻ വന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്ന സംഘത്തിലെ അംഗമാണെന്നും ‘ഡെഡ് മെയിൽ’ രീതി ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. അന്വേഷണത്തിൽ പ്രതിയുടെ ഫോണിൽനിന്ന് ലൊക്കേഷനുകളും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു.
മൊബൈൽ ഫോൺ കടയിൽ ജോലി ചെയ്യാൻ ബഹ്‌റൈനിലെത്തിയ പ്രതിക്ക് പിന്നീട് ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടതോടെ പ്രതി ഒരു വ്യക്തിയെ പരിചയപ്പെട്ടു. ഡെഡ് മെയിൽ രീതി ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതിന് അയാൾ പ്രതിയെ പ്രേരിപ്പിച്ചു.
മൊത്തക്കച്ചവടത്തിൽ ലഭിക്കുന്ന മയക്കുമരുന്ന് ചെറിയ അളവുകളാക്കി വിതരണം ചെയ്താൽ 10 ദിനാർ ലഭിക്കുമെന്നും വാഗ്ദാനം ചെയ്തുവെന്നും കോടതി വ്യക്തമാക്കി. തടവും പിഴയും കൂടാതെ ശിക്ഷ പൂർത്തിയാക്കിയശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.