മനാമ: ബഹ്റൈന്റെ നിരത്തുകളിൽ ഡ്രൈവറില്ലാ ടാക്സികൾ വേണമെന്ന നിർദേശത്തിന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡിന്റെ പിന്തുണ. സാമ്പത്തികകാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സല്ലൂമിന്റെ നേതൃത്വത്തിലുള്ള സ്ട്രാറ്റജിക് തിങ്കിങ് പാർലമെന്ററി ബ്ലോക്ക് പാർലമെന്റിൽ അവതരിപ്പിച്ച ഈ നിർദേശം പരീക്ഷണാടിസ്ഥാനത്തിൽ ബഹ്റൈനിൽ ഇത്തരം വാഹനങ്ങൾ പ്രവർത്തിപ്പിച്ചു നോക്കണമെന്ന നിർദേശമാണ് മുന്നോട്ടു വെച്ചത്.
ഇതു നടപ്പാക്കിയാൽ രാജ്യത്ത് ഉടൻതന്നെ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവർ രഹിത വാഹനങ്ങൾ നിരത്തിലിറങ്ങും. ഇതു രാജ്യത്തെ ഗതാഗതരംഗത്തെ മികച്ചതാക്കുമെന്നാണ് വിലയിരുത്തുന്നത്. യു.എ.ഇയിലടക്കം നിലവിൽ ഡ്രൈവർ രഹിത കാറുകൾ നിരത്തിലുണ്ട്. പൊതുജന വിശ്വാസം നിലനിർത്തുന്നതിനൊപ്പം സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുമായ പരീക്ഷണങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന് യു.എ.ഇ നമുക്ക് കാണിച്ചുതന്നുവെന്നും അൽസല്ലൂം പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്കരണത്തെയും ആധുനികീകരണത്തെയും മുൻനിർത്തി ബഹ്റൈനെ ഗൾഫിലെ ഒരു സ്മാർട്ട് സിറ്റിയായി രൂപപ്പെടുത്തുന്നതിനെ കുറിച്ചാണ് ഞങ്ങൾ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണ കാലയളവിൽ വാഹനത്തിൽ ഒരു ഡ്രൈവറുണ്ടാകും. ഇതു ജനങ്ങളിൽ പുതിയ സാങ്കേതികവിദ്യയിൽ പരിചയവും വിശ്വാസവും വളർത്തിയെടുക്കുന്നതിനാണ്. ഈ വർഷം അവസാനത്തോടെ സെൽഫ് ഡ്രൈവിങ് ടാക്സികളുടെ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. അടുത്ത വർഷം വാണിജ്യാടിസ്ഥാനത്തിൽ ഇതു പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ അവലോകനത്തിനായി വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ നിർദേശം ഔദ്യോഗികമായി അവതരിപ്പിക്കും. തുടർന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, ബഹ്റൈൻ സാമ്പത്തിക വികസന ബോർഡ്, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി കൂടിയാലോചനകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.