മനാമ: ഡിജിറ്റൽ ബാങ്കിങ് രംഗത്തെ തട്ടിപ്പുകളിൽ നിന്ന് തങ്ങളുടെ സമ്പാദ്യത്തെ സംരക്ഷിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അൽ അമൻ’ ബോധവൽക്കരണ പരിപാടിയിലൂടെ കേണൽ ഒസാമ ബഹാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പെൻഷൻ തുകകൾ, സർവീസ് ആനുകൂല്യങ്ങൾ, വലിയ സമ്പാദ്യങ്ങൾ എന്നിവ പെട്ടെന്ന് പണം കൈമാറാൻ കഴിയുന്ന ‘ഇൻസ്റ്റന്റ് ട്രാൻസ്ഫർ’ സേവനങ്ങളുമായി ബന്ധിപ്പിക്കാത്ത പ്രത്യേക അക്കൗണ്ടുകളിൽ സൂക്ഷിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇത്തരം അക്കൗണ്ടുകളിൽ വലിയ തുകകൾ ബാലൻസ് ആയി നിലനിർത്തുന്നത് അബദ്ധവശാലുള്ള പണമിടപാടുകൾക്കും സൈബർ തട്ടിപ്പുകൾക്കും കാരണമായേക്കാം.
മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ അക്കൗണ്ടിലുള്ള വലിയ തുക നഷ്ടപ്പെടാൻ ഇത് ഇടയാക്കും. സമ്പാദ്യങ്ങൾ സുരക്ഷിതമായ അക്കൗണ്ടുകളിലേക്ക് മാറ്റിയിടുന്നത് തട്ടിപ്പുകൾക്കെതിരെയുള്ള ഒരു അധിക സുരക്ഷാ കവചമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടുംബാംഗങ്ങളെയും പ്രത്യേകിച്ച് പ്രായമായവരെയും അവരുടെ ബാങ്കിംഗ് ക്രമീകരണങ്ങൾ പരിശോധിക്കാൻ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ സൈബർ സുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.