മനാമ: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ഫലം കാണുന്നു. കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് കൊയിലാണ്ടി കൊല്ലം പാലക്കുളം സ്വദേശി രഘുനാഥിെൻറയും തമിഴ്നാട് സ്വദേശി രാജൻ രാമെൻറ (47)യും മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ എട്ടിനുള്ള ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിൽ എത്തിക്കും. രഘുനാഥിെൻറ മൃതദേഹം അവിടെനിന്ന് നാട്ടിലേക്ക് കൊണ്ടുപോകാൻ നോർക്ക ആംബുലൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് -19 മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ നിർത്തിവെച്ചതാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് തടസ്സമായത്. എന്നാൽ, കാർഗോ കമ്പനികളുടെയും സാമൂഹിക പ്രവർത്തകരുടെയും വ്യവസായികളുടെയും സഹകരണത്തോടെ യു.എ.ഇയിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചതിനെ തുടർന്നാണ് ബഹ്റൈനിലും ഇത്തരത്തിൽ നീക്കം തുടങ്ങിയത്.
രണ്ടു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹം എങ്ങനെയും നാട്ടിലെത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആഗ്രഹം. ഇതേത്തുടർന്നാണ് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, കേരളീയ സമാജം ചാരിറ്റി-നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം, ബഹ്റൈൻ കേരള സോഷ്യൽ ഫോറം കൂട്ടായ്മ പ്രതിനിധി ബഷീർ അമ്പലായി, െഎ.സി.ആർ.എഫ് പ്രതിനിധി സുധീർ തിരുനിലത്ത്, കെ.എം.സി.സി പ്രതിനിധി കരീം കുളമുള്ളതിൽ, സാമൂഹിക പ്രവർത്തകരായ മനോജ് വടകര, നജീബ് കടലായി, സംസ്കൃതി പ്രതിനിധി സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ഇടപെടലുണ്ടായത്. വ്യോമയാന മന്ത്രാലയത്തിെൻറ അനുമതി ലഭിക്കാൻ ഇന്ത്യൻ എംബസി, നോർക്ക സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ ഇടപെടൽ സഹായിച്ചു. യു.എ.ഇയിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.