മാര്‍ച്ച് മുതല്‍ വീണ്ടും വൈദ്യുതി, വെള്ള നിരക്ക് ഉയരും 

മനാമ: പ്രവാസികള്‍ക്കും വലിയ കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള വൈദ്യുതി, വെള്ള നിരക്കുകള്‍ വീണ്ടും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 
മാര്‍ച്ച് ഒന്ന് മുതലാകും പുതിയ തീരുമാനം വരിക. സബ്സിഡികള്‍ പിന്‍വലിച്ച ശേഷം വൈദ്യുതി-വെള്ള നിരക്കുകള്‍ ഉയര്‍ത്തിയത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഇത് 2019വരെ എല്ലാ വര്‍ഷവും കൂട്ടുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ അറിയിച്ചിരുന്നു. 
എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാര്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്കുകള്‍ വാടകക്കാരുടെ ചുമലില്‍ ഇടാനാണ് വീട്ടുടമകള്‍ പലരും ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്. 
   അടുത്ത മാസത്തെ പുതുക്കിയ നിരക്ക് പ്രകാരം ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി ചാര്‍ജ് 3,000 യൂനിറ്റ് വരെ ഓരോ യൂനിറ്റിനും 13 ഫില്‍സ് ആയിരിക്കും. 
ഇത് നിലവില്‍ ആറ് ഫില്‍സ് ആണ്. വെള്ളത്തിന്‍െറ നിരക്ക് 60യൂനിറ്റ് വരെ ഇപ്പോഴുള്ള 80 ഫില്‍സില്‍ നിന്ന് 200 ഫില്‍സായും ഉയരും. പുതിയ നിരക്ക് പ്രകാരം സര്‍ക്കാറിന് 435.4 ദശലക്ഷം ദിനാര്‍ ലാഭിക്കാനാകുമെന്നാണ് കണക്ക്.
നിരക്കുവര്‍ധനക്കുള്ള സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി-ജലകാര്യ മന്ത്രി ഡോ.അബ്ദുല്‍ഹുസൈന്‍ ബിന്‍ അലി മിര്‍സ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
പുതിയ പദ്ധതിയുടെ ആഘാതം ബഹ്റൈനികളെ ബാധിക്കില്ല. എന്നാല്‍, ഒന്നിലധികം വീടുള്ളവര്‍ പുതിയ നിരക്ക് നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച താരിഫില്‍ യാതൊരു മാറ്റവുമില്ളെന്നും മന്ത്രി വ്യക്തമാക്കി. മൊത്തം ജനസംഖ്യയില്‍ ഏതാണ്ട് 31ശതമാനം പേരെയാണ് പുതിയ നിരക്കുകള്‍ ബാധിക്കാതിരിക്കുക. വിവാഹമോചിതരായ ബഹ്റൈനികള്‍, വിധവകള്‍, 21വയസിന് മുകളിലുള്ള വിവാഹിതരാകാത്ത വനിതകള്‍, വാടകക്ക് താമസിക്കുന്ന സ്വദേശികള്‍, ബഹ്റൈനികളല്ലാത്തവരെ വിവാഹം കഴിച്ച ബഹ്റൈനി വനിതകള്‍, 21വയസിന് താഴെയുള്ള ബഹ്റൈനി കുട്ടികളെ നോക്കുന്ന പ്രവാസികള്‍, ബഹ്റൈനികളല്ലാത്ത അവകാശികള്‍ എന്നിവര്‍ക്കും പുതിയ നിരക്ക് ബാധകമാകില്ല. നിരക്കുവര്‍ധന ഏറ്റവുമധികം ബാധിക്കുന്നത് കുറഞ്ഞ വരുമാനത്തിലും കുടുംബവുമായി ഇവിടെ കഴിയുന്ന പ്രവാസികളെയായിരിക്കും.    2015ലാണ് സര്‍ക്കാര്‍ കടുത്ത ചെലവുചുരുക്കല്‍-വരുമാനം വര്‍ധിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായി മന്ത്രാലയങ്ങളുടെ എണ്ണം 18ല്‍ നിന്നും 16ആക്കി ചുരുക്കിയിരുന്നു. ചില സര്‍ക്കാര്‍ ഏജന്‍സികളും ലയിപ്പിക്കുകയുണ്ടായി. മാംസ സബ്സിഡിയും ഇതിന്‍െറ ഭാഗമായാണ് ഒഴിവാക്കിയത്. എണ്ണ വിലയിലും കഴിഞ്ഞ വര്‍ഷം വര്‍ധനയുണ്ടായി. 
 

Tags:    
News Summary - current

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.