മനാമ: ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ), ഇന്ത്യയുടെ പൈതൃകവും നേട്ടങ്ങളും പ്രമേയമാക്കി “ഗ്രാൻഡ്മാസ്റ്റർ ഇന്ത്യ ക്വിസ്” സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 17ന് വൈകീട്ട് കെ.സി.എ ഹാളിലാണ് മത്സരം നടക്കുക.
ഗ്രാൻഡ്മാസ്റ്റർ ജൂനിയേഴ്സ്: 18 വയസ്സിന് താഴെയുള്ളവർ (മൂന്ന് അംഗങ്ങളുള്ള ടീം), ഗ്രാൻഡ്മാസ്റ്റർ സീനിയേഴ്സ്: 18 വയസ്സിന് മുകളിലുള്ളവർ (മൂന്ന് അംഗങ്ങളുള്ള ടീം) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ക്വിസ് മത്സരം നടക്കുക.
30 ചോദ്യങ്ങളടങ്ങിയ എഴുത്തുപരീക്ഷയോടെയാണ് മത്സരം ആരംഭിക്കുന്നത്. അതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആറ് ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയും പ്രമുഖ ക്വിസ് മാസ്റ്ററുമായ ഡോ. രാജു നാരായണസ്വാമി ആണ് മത്സരത്തിന് നേതൃത്വം നൽകുന്നത്. അറിവിന്റെ ആഴം കൊണ്ടും അവതരണശൈലി കൊണ്ടും ശ്രദ്ധേയനായ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി നിരവധി ക്വിസ് വേദികൾ നയിച്ചിട്ടുണ്ട്. ബഹ്റൈനിലെ സാംസ്കാരിക രംഗത്ത് സജീവമായ അരുൾദാസ് തോമസും അദ്ദേഹത്തോടൊപ്പം ക്വിസ് മാസ്റ്ററായി പങ്കെടുക്കും.
വിജയികൾക്ക് ആവേശകരമായ കാഷ് അവാർഡുകൾ ലഭിക്കും. 2026 മാർച്ച് ഒന്നു മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. ജൂനിയേഴ്സിന് ആറ് ദീനാറും, സീനിയേഴ്സിന് 10 ദിനാറുമാണ് ഫീസ്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ആഘോഷിക്കാനും ബൗദ്ധികമായ ചർച്ചകൾക്ക് വേദിയൊരുക്കാനുമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു. എബ്രഹാം ജോൺ (ഇവന്റ് ചെയർമാൻ), നിത്യൻ തോമസ് (വൈസ് ചെയർമാൻ), അരുൾദാസ് തോമസ് (ഇവന്റ് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിപാടിയുടെ സംഘാടനം നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.