നോട്ട് അസാധുവാക്കല്‍ ദിനത്തില്‍ പ്രവാസി വീട്ടമ്മയുടെ  അക്കൗണ്ടില്‍ 4.15 ലക്ഷം ഇട്ട് പിന്‍വലിച്ചു

മനാമ: പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ച നവംബര്‍ എട്ടിന് പ്രവാസി വീട്ടമ്മയുടെ നാട്ടിലെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ഇടുകയും ഉടന്‍ പിന്‍വലിക്കുകയും ചെയ്തതായി പരാതി. 
രണ്ട് തവണയായി പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയുമാണ് ചെയ്തത്. 
ബഹ്റൈനില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശി മന്‍സൂറിന്‍െറ ഭാര്യ ഷീജയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലാണ് അക്കൗണ്ട് ഉടമ അറിയാതെ ഇടപാടുകള്‍ നടന്നത്. കഴിഞ്ഞ ദിവസം ഇ മെയില്‍ വഴി നവംബറിലെ അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിച്ചപ്പോഴാണ് നവംബര്‍ എട്ടിന് രണ്ട് തവണയായി  പണം നിക്ഷേപിക്കുകയും പിന്‍വലിക്കലും നടന്നത് അറിഞ്ഞത്. 
ഫെഡറല്‍ ബാങ്കിന്‍െറ കരുനാഗപ്പള്ളി ശാഖയിലുള്ള ഷീജയുടെ അക്കൗണ്ടില്‍ നവംബര്‍ എട്ടിന് ആദ്യം 1.87 ലക്ഷം രൂപ ഇട്ടു. അതേ തീയതിയില്‍ തന്നെ 1,86,277 പിന്‍വലിച്ചു. വീണ്ടും 2.28 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇടുകയും 2,27,448 രൂപ പിന്‍വലിക്കുകയും ചെയ്തു. 
4.15 ലക്ഷത്തിലധികം രൂപ അക്കൗണ്ടില്‍ ഒരു ദിവസം തന്നെ വരുകയും പിന്‍വലിക്കപ്പെടുകയും ചെയ്തിട്ട് അക്കൗണ്ട് ഉടമ വിവരം അറിഞ്ഞില്ല. അക്കൗണ്ടില്‍ നിന്ന് രണ്ട് തവണ വന്‍ തുകകള്‍ ഉടമ അറിയാതെ പിന്‍വലിച്ചതിലാണ് ദുരൂഹത. സാധാരണ അക്കൗണ്ടുകളിലേക്ക് മാറിപ്പോയി വന്‍ തുകകള്‍ വന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരേ ദിവസം രണ്ട് തവണ വലിയ തുക വരുകയും പിന്‍വലിക്കുകയും ചെയ്തതാണ് സംശയം ഉണര്‍ത്തുന്നത്. 
മൂന്ന് മാസമായി അക്കൗണ്ട് ഉപയോഗിച്ചിരുന്നില്ളെന്നും പണം വന്നതോ പിന്‍വലിച്ചതോ ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടില്ളെന്നും മന്‍സൂര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മൂന്ന് മാസത്തിലധികമായി താനും ഭാര്യയും ബഹ്റൈനിലാണുള്ളത്. മറ്റുള്ള ആരെയും അക്കൗണ്ട് ഉപയോഗിക്കാനും അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അക്കൗണ്ടില്‍ ഇടപാടുകള്‍ നടന്നത് സംശയമുണ്ടാക്കുന്നു. ഇതു സംബന്ധിച്ച് അടുത്ത ദിവസം തന്നെ ബാങ്ക് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
 
Tags:    
News Summary - Currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.