ചേംബർ ചെയർമാൻ നബീൽ ഖാലിദ് കാനു യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു
മനാമ: രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും സ്വകാര്യ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പുതിയ കർമ്മപദ്ധതികൾ പ്രഖ്യാപിച്ചു. ചേംബറിന്റെ 31ാമത് ഭരണസമിതിയുടെ ആദ്യ ജനറൽ അസംബ്ലി യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ചെറുകിട-ഇടത്തരം സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമായി പ്രത്യേക വകുപ്പ് രൂപീകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. കൂടാതെ, വിപണിയിലെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ചേംബർ പ്രതിനിധികൾ വ്യാപാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. അംഗങ്ങളുമായി നേരിട്ട് സംവദിക്കാൻ ഓരോ മൂന്ന് മാസം കൂടുമ്പോഴും ഓപ്പൺ മീറ്റിംഗുകളും സംഘടിപ്പിക്കും. സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും പിന്തുണയ്ക്ക് ചേംബർ നന്ദി അറിയിച്ചു.
ചേംബർ ചെയർമാൻ നബീൽ ഖാലിദ് കാനു യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്വകാര്യ മേഖലയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും ചേംബർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട സംരംഭകർക്കായി പുതുതായി രൂപീകരിച്ച വകുപ്പ് ഒരു ഏകജാലക സംവിധാനമായി പ്രവർത്തിക്കും. സാങ്കേതിക സഹായം, കൺസൾട്ടൻസി, വെല്ലുവിളികൾ പഠിച്ച് സർക്കാരിന് ശുപാർശകൾ സമർപ്പിക്കുക എന്നിവയാണ് ഈ വിഭാഗത്തിന്റെ പ്രധാന ചുമതലകൾ. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വർദ്ധനവ്, വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള ഇളവുകൾ, വിപണിയിൽ പണലഭ്യത ഉറപ്പാക്കൽ തുടങ്ങിയ സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകൾ ബിസിനസ്സ് മേഖലയ്ക്ക് വലിയ ആത്മവിശ്വാസം നൽകിയതായി യോഗം വിലയിരുത്തി. ഭാവിയിൽ കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ, താഴെത്തട്ടിലുള്ള വ്യാപാരികൾക്ക് ഗുണകരമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ചെയർമാൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വിവിധ സെക്ടറുകളിലെ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുമെന്നും കൂടുതൽ വിദഗ്ധരെ ഇതിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ബഹ്‌റൈനെ കൂടുതൽ കരുത്തുറ്റതാക്കാൻ സ്വകാര്യ മേഖലയും സർക്കാരും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് ചേംബർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.