കിരീടാവകാശിയും മാർപ്പാപ്പ പോപ്പ് ലിയോ 14ാമനും കൂടിക്കാഴ്ചക്കിടെ 

മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മാർപ്പാപ്പ പോപ്പ് ലിയോ 14ാമനുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ സിറ്റി സ്റ്റേറ്റിലും ഇറ്റലിയിലും നടത്തുന്ന ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയതായിരുന്നു കിരീടാവകാശി.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ വത്തിക്കാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, സഹിഷ്ണുത, സഹവർത്തിത്വം, വിവിധ മതങ്ങൾ തമ്മിലുള്ള സംവാദം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയിൽ കിരീടാവകാശി വ്യക്തമാക്കി.

തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശി എടുത്തുപറഞ്ഞു. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലും ആരാധന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലും ബഹ്‌റൈനുള്ള പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജ്യത്തുടനീളമുള്ള പള്ളികൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ എന്നിവയുടെ സാന്നിദ്ധ്യം സമാധാനം, സൗഹൃദം, നാഗരികതകൾ തമ്മിലുള്ള തുറന്ന സംവാദം എന്നിവയോടുള്ള ബഹ്‌റൈന്റെ നിലപാട് പ്രതിഫലിപ്പിക്കുന്നു എന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിലും വിവിധ വിശ്വാസങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിലും വത്തിക്കാൻ വഹിക്കുന്ന ആഗോള പങ്ക് കിരീടാവകാശി പ്രശംസിച്ചു.

ലോകമെമ്പാടും സഹിഷ്ണുതയും കരുണയും സമാധാനവും വളർത്തുന്നതിൽ മൈാർപ്പാപ്പ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും, പോപ്പിന്റെ മാനുഷിക ദൗത്യത്തിൽ തുടർന്നും ആരോഗ്യവും വിജയവും ആശംസിക്കുകയും ചെയ്തു. ഹമദ് രാജാവിന്‍റെ ആശംസകളും സന്തോഷങ്ങളും കിരീടാവകാശി മാർപ്പാപ്പയെ അറിയിച്ചു. മറുപടിയായി, മാർപ്പാപ്പ ഹമദ് രാജാവിനും തന്റെ ആശംസകൾ അറിയിക്കുകയും ബഹ്‌റൈന് സമൃദ്ധിയും വികസനവും ആശംസിക്കുകയും ചെയ്തു.

കൂടാതെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ കോർട്ട് കാര്യ മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വത്തിക്കാൻ സന്ദർശനത്തിന് ശേഷം കിരീടാവകാശി ഇറ്റലിയും സന്ദർശിക്കും.

Tags:    
News Summary - Crown Prince meets with Pope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.