മനാമ: അന്താരാഷ്ട്ര ഐക്യദാർഢ്യം, സഹകരണം എന്നിവ ശക്തിപ്പെടുത്താൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി വ്യക്തമാക്കി. ഏപ്രിൽ 24ന് ആചരിച്ച അന്താരാഷ്ട്ര ബഹുരാഷ്ട്ര സഹകരണ-സമാധാന നയതന്ത്ര ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശാനുസരണവും പ്രാദേശികവും അന്താരാഷ്ട്രപരവുമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നത് ബഹ്‌റൈൻ നയതന്ത്രത്തിന്റെ അടിസ്ഥാന തൂണാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബഹ്‌റൈന്റെ നയതന്ത്രപരമായ സജീവ സാന്നിധ്യം ഈ മാസം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അധ്യക്ഷസ്ഥാനം വഹിക്കുന്നതിലൂടെയും ജി.സി.സി അധ്യക്ഷസ്ഥാനം, അറബ് ലീഗ് കൗൺസിലിന്റെ നേതൃത്വം എന്നിവയിലൂടെയും വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതവും നീതിയുക്തവുമായ പരിഹാരം കാണുന്നതിന് ബഹ്‌റൈൻ ഉച്ചകോടിയിൽ മുന്നോട്ടുവെച്ച രണ്ട് രാഷ്ട്രങ്ങൾ എന്ന പരിഹാരത്തിനും ഫലസ്തീന്റെ പൂർണ യു.എൻ അംഗത്വത്തിനും രാജ്യം പൂർണ്ണ പിന്തുണ ആവർത്തിച്ചു.
ബഹ്‌റൈനും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും എതിരെ ഇറാൻ നടത്തിയ അനാവശ്യ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് 136 രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്രസഭ പാസാക്കിയ 2817-ാം നമ്പർ പ്രമേയത്തെ മന്ത്രി എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ സമാധാനവും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് സജീവവും ഉത്തരവാദിത്തമുള്ളതുമായ പങ്കാളിയായി ബഹ്‌റൈൻ തുടരുമെന്നും ഡോ. അൽ സയാനി കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും നയതന്ത്ര പ്രതിനിധികളുടെയും സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.