ഡോ. മറിയം അൽ ദഈൻ
ഊർജപദ്ധതികളിൽ ആണവോർജ്ജവും ഉൾപ്പെടുത്താൻ നിർദേശം; പഠനവുമായി ‘ഇവ’
മനാമ: ബഹ്‌റൈന്റെ ഭാവി ഊർജ്ജ ആവശ്യങ്ങൾക്കായി ആണവോർജ്ജം പ്രയോജനപ്പെടുത്തണമെന്ന നിർദ്ദേശവുമായി പാർലമെന്റ് അംഗം എം.പി ഡോ. മറിയം അൽ ദഈൻ. ഇതുമായി ബന്ധപ്പെട്ട് 'സ്മോൾ മോഡുലാർ റിയാക്ടറുകൾ' ഉപയോഗിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ബഹ്‌റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) നിലവിൽ പഠനം നടത്തിവരികയാണ്.
രാജ്യത്ത് വൈദ്യുതിയുടെ ആവശ്യകത ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആണവ സാങ്കേതികവിദ്യ പരിഗണിക്കണമെന്ന് ഡോ. മറിയം അൽ ദഈൻ ആവശ്യപ്പെട്ടത്. ചെറിയ രീതിയിലുള്ള ഈ മോഡുലാർ റിയാക്ടർ സാങ്കേതികവിദ്യ ആഗോളതലത്തിൽ വികസനത്തിന്റെയും പരീക്ഷണങ്ങളുടെയും ഘട്ടത്തിലാണെന്നും ഇത് പൂർണ്ണമായും വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വ്യക്തമാക്കി. ബഹ്‌റൈനിൽ ഇത് നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലൈസൻസിംഗും സുരക്ഷാ പരിശോധനകളും ആവശ്യമാണെന്നും അതോറിറ്റി അറിയിച്ചു.
ഭാവി തലമുറയ്ക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനായി ഊർജ്ജ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പുതിയ സാങ്കേതികവിദ്യകളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും ഡോ. മറിയം ചൂണ്ടിക്കാട്ടി. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
ആണവോർജ്ജത്തിന് പുറമെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുന്നതിനുള്ള നടപടികളും സമാന്തരമായി നടക്കുന്നുണ്ട്. നെറ്റ് മീറ്ററിംഗ് സംവിധാനം നിലവിൽ വന്നത് ഊർജ്ജ മേഖലയ്ക്ക് വലിയ മുന്നേറ്റമായെങ്കിലും, ആദ്യമായി വീട് വെക്കുന്നവർക്കും ചെറിയ വസ്തുവകകൾ ഉള്ള കുടുംബങ്ങൾക്കും സൗരോർജ്ജ സംവിധാനങ്ങൾ ഇനിയും പൂർണ്ണമായി ലഭ്യമാക്കാൻ സാധിച്ചിട്ടില്ലെന്നും അത് കൂടുതൽ ലളിതമാക്കണമെന്നും എം.പി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. 2035-ഓടെ രാജ്യത്തെ മൊത്തം ഊർജ്ജ ഉൽപ്പാദനത്തിന്റെ 20 ശതമാനം പുനരുപയോഗ ഊർജ്ജ മേഖലയിൽ നിന്നാക്കാനും, 2060-ഓടെ സീറോ-കാർബൺ ലക്ഷ്യം കൈവരിക്കാനുമാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.