മനാമ: ബഹ്റൈനിൽ ഓൺലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നത് വർധിക്കുന്നതായി അധികൃതർ. ഈ വർഷം പകുതിവരെയുള്ള കണക്കുകൾ പ്രകാരം 17 കുട്ടികളാണ് ഇത്തരത്തിൽ ഓൺലൈൻ ഉപദ്രവത്തിനും ബ്ലാക്ക്മെയിലിനും ഇരയായത്. ഇതിൽ 14 കേസുകൾ ഇപ്പോഴും അന്വേഷണത്തിലാണ്. പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനാൽ രണ്ട് കേസുകൾ താൽക്കാലികമായി അവസാനിപ്പിച്ചു, ഒരു കേസ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തതായി ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഹെഡ് മുഹമ്മദ് ബുഹാജി പറഞ്ഞു.
കുട്ടികളെ ഓൺലൈനിൽ ചൂഷണം ചെയ്യുന്നവർ അവരുടെ രീതികൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ചൂഷണങ്ങളിൽ നിന്ന് ഭാവി തലമുറയെ സംരക്ഷിക്കാൻ സമൂഹവും കുടുംബങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓൺലൈൻ ഗെയിമുകളാണ് സൈബർ അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സൈബർസ്പേസ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മേധാവി ലെഫ്റ്റനന്‍റ് കേണൽ മറിയം യൂസഫ് അൽ ധഈൻ പറഞ്ഞു. ഇവർ കുട്ടികളെപ്പോലെ ശബ്ദം മാറ്റി സംസാരിക്കുകയോ അല്ലെങ്കിൽ ഗെയിമുകൾ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്യും. സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ ഉപയോഗിച്ച് അപരിചിതരുമായി ചങ്ങാത്തം കൂടാനും സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കാനും കുട്ടികളെ പ്രേരിപ്പിക്കാറുണ്ട്. ഇത് പിന്നീട് അവരെ ബ്ലാക്ക്മെയിൽ ചെയ്യാനും ചൂഷണം ചെയ്യാനും എളുപ്പമാക്കുന്നു. 10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ ഇരകളാകുന്നത്.
കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കുക, കിടപ്പുമുറികളിൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കുക, കുട്ടികളിൽ എന്തെങ്കിലും പെട്ടെന്നുള്ള ശാരീരികമോ മാനസികമോ ആയ മാറ്റങ്ങളുണ്ടായാൽ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങൾ ഓൺലൈൻ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു.
കുട്ടികളുടെ മാനസികവും ഡിജിറ്റലുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി, ചൂഷണത്തിന് സാധ്യതയുള്ള ചില ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ ആഗോള തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.