ന്യൂ മില്ലേനിയം സ്കൂളിലെ സ്റ്റുഡന്റ്സ് കൗൺസിൽ നടത്തിയ പുസ്തകവിൽപനയിൽനിന്ന്
മനാമ: ‘സ്നേഹിക്കുക, നൽകുക’ എന്ന സ്കൂളിന്റെ സംസ്കാരത്തിന് അനുസൃതമായി വിദ്യാർഥികൾക്കിടയിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂ മില്ലേനിയം സ്കൂളിലെ സ്റ്റുഡന്റ്സ് കൗൺസിൽ സ്കൂൾ കാമ്പസിനുള്ളിൽ ‘ചാരിറ്റി ബുക്ക് സെയിൽ’ സംഘടിപ്പിച്ചു. സെപ്റ്റംബർ 20നായിരുന്നു ഈ ജീവകാരുണ്യ പുസ്തക വിപണനം.
സ്കൂളിലെ ജീവനക്കാരും വിദ്യാർഥികളും സംഭാവന ചെയ്ത വിവിധയിനം പുസ്തകങ്ങളാണ് വിൽപനക്കുവെച്ചത്. വിദ്യാർഥികളും രക്ഷിതാക്കളും ആവേശത്തോടെ ഈ വിൽപനയിൽ പങ്കെടുത്തു. വിപണനത്തിലൂടെ ലഭിച്ച വരുമാനം രാജ്യത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യും. വിദ്യാർഥികളെ സജീവമായി സമൂഹത്തിന് സംഭാവന നൽകാൻ പ്രോത്സാഹിപ്പിക്കുന്നത് സ്കൂളിന്റെ ലക്ഷ്യമാണെന്ന് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇത് അവർ ജീവിക്കുന്ന ലോകത്തിൽ ഒരു കൂട്ടായ മാറ്റം വരുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകിയതിന് വിദ്യാർഥികൾ സ്കൂളിനോട് നന്ദി അറിയിച്ചു. ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള എന്നിവർ സ്കൂൾ പ്രിൻസിപ്പലിനെയും ജീവനക്കാരെയും വിദ്യാർഥികളെയും ഈ ഉദാത്തമായ പ്രവർത്തനത്തിന് അഭിനന്ദിച്ചു. ഭാവിയിൽ സ്കൂളിന്റെ ഇത്തരം എല്ലാ സംരംഭങ്ങൾക്കും തങ്ങളുടെ പിന്തുണ തുടരുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.