രോഗിയുടെ പണം തട്ടിയെടുത്ത കേസ്; ഹോം നഴ്സിന്റെ 10 വർഷം തടവുശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു

മനാമ: ബഹ്റൈനിൽ പക്ഷാഘാതം ബാധിച്ചു കിടപ്പിലായ സ്വദേശി പൗരന്റെ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഹോം നഴ്സിന്റെ ജയിൽ ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ഹൈ ക്രിമിനൽ അപ്പീൽ കോടതിയാണ് പ്രതിക്ക് വിചാരണ കോടതി വിധിച്ച 10 വർഷം തടവും 5,000 ബഹ്റൈനി ദിനാർ പിഴയും ശരിവെച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഏഷ്യൻ വംശജയായ ഹോം നഴ്സ് താൻ പരിചരിച്ചിരുന്ന രോഗിയുടെ സാഹചര്യം മുതലെടുത്താണ് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. രോഗിയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയ പ്രതി, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വഴി അനധികൃതമായി പണം കൈമാറുകയായിരുന്നു.

ബാങ്ക് ഇടപാടുകൾ ഉറപ്പാക്കുന്നതിനായി ഫോണിലേക്ക് വരുന്ന ഒ.ടി.പി രോഗി അറിയാതെ സ്വന്തം ആവശ്യത്തിനായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതുവഴി ഏകദേശം 25,750 ദിനാർ (ഏകദേശം 57 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഇവർ കൈക്കലാക്കിയിട്ടുണ്ട്. രോഗിയുടെ അക്കൗണ്ടിൽ നിന്ന് ആദ്യം നഴ്സിന്റെ ബഹ്റൈനിലെ ബാങ്ക് അക്കൗണ്ടിലേക്കും, അവിടെനിന്ന് പിന്നീട് സ്വന്തം നാട്ടിലേക്കും പണം അയക്കുകയായിരുന്നു.

പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ തുടർച്ചയായി നഷ്ടപ്പെടുന്നത് രോഗിയുടെ മകന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ സംശയാസ്പദമായ ഇടപാടുകൾ കണ്ടതിനെ തുടർന്ന് ഇയാൾ അധികൃതർക്ക് പരാതി നൽകി. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് നഴ്സ് നടത്തിയ ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പ് പുറത്തായത്.

Tags:    
News Summary - Case of stealing patient's money; Bahrain court upholds 10-year prison sentence for home nurse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.