ഡോ. പി.വി. ചെറിയാന്റെ അനുസ്മരണത്തിനായി വിവിധ സംഘടനാ പ്രതിനിധികൾ ഒത്തുചേർന്നപ്പോൾ
മനാമ: ബഹ്‌റൈൻ പ്രവാസി സമൂഹത്തിലെ മഹനീയ വ്യക്തിത്വവും, മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം സ്ഥാപക രക്ഷധികാരിയുമായിരുന്ന ഡോ. പി.വി ചെറിയാന്റെ വിയോഗത്തിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു. ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, എബി തോമസ് അജിത് കുമാർ, സനൽ കുമാർ, പവിത്രൻ പൂക്കോട്ടിൽ, വിനോദ് കണ്ണൂർ, അനിൽ യു.കെ, സന്തോഷ് കണ്ണൂർ, ഹമീദ് എന്നിവർ അദ്ദേഹവുമായി ഉണ്ടായിരുന്ന സുദീർഘമായ വ്യക്തി ബന്ധങ്ങളുടെ സ്മരണകൾ ഓർത്തെടുത്ത് സംസാരിച്ചു. അനുശോചന യോഗത്തിൽ പങ്കെടുത്ത എല്ലാവരും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്ന് മൗന പ്രാർത്ഥന നടത്തികൊണ്ടാണ് യോഗം ആരംഭിച്ചത്.
മനാമ: ഡോക്ടർ പി.വി. ചെറിയന്റെ ആകസ്മിക നിര്യാണത്തിൽ കണ്ണൂർ സർഗ്ഗവേദി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡന്റ് ബേബി ഗണേഷ്, രക്ഷധികാരിമാരായ അജിത് കണ്ണൂർ, രഞ്ജിത്ത് സി. വി., ബിജിത്ത്, ഉണ്ണികൃഷ്ണൻ, ഹേമന്ത് രത്നം, ഷൈജു മന്ന, സനൽ കുമാർ, എ.പി.ജി. ബാബു, അശ്വിൻ, റോഷി, ഷൈജു, സുകേഷ്, സന്തോഷ് തലവിൽ, വിജയൻ, മുരളി, ഹമീദ് എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.
മനാമ: ഡോ. പി.വി. ചെറിയാന്റെ അനുസ്മരണാർത്ഥം കേരള കത്തോലിക്ക അസോസിയേഷൻ (കെ.സി.എ), കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ – എൻ.എസ്.എസ്, ഗുരുദേവ സോഷ്യൽ സൊസൈറ്റി, വേൾഡ് മലയാളി കൗൺസിൽ, സ്റ്റുഡന്റസ് ഗൈഡൻസ് ഫോറംഎന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുശോചന-പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു. അനുശോചന യോഗത്തിൽ ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
മികവുറ്റ ഡോക്ടറും, കരുണയും മനുഷ്യസ്നേഹവും നിറഞ്ഞ വ്യക്തിത്വത്തിനുടമയും, ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ ആദരവും സ്നേഹവും നേടിയ വ്യക്തിയുമായിരുന്നു ഡോ. ചെറിയാൻ എന്ന് യോഗം അനുസ്മരിച്ചു.
കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ ഡോ. ചെറിയാൻ വെറുമൊരു ഡോക്ടറായിരുന്നില്ല; അതീവ കരുണയുള്ള ഒരു വിസ്മയ മനുഷ്യനായിരുന്നു. സേവനത്തിന്റെ കാര്യത്തിൽ അദ്ദേഹം കാണിച്ച ആ അർപ്പണബോധം ഇന്നത്തെ കാലത്ത് അപൂർവ്വമാണ്, വരുംതലമുറയ്ക്ക് അത് ഒരു വലിയ പാഠപുസ്തകവുമാണ്.
ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് മാത്രമല്ല, ബഹ്‌റൈനികൾക്കും മറ്റ് വിദേശികൾക്കും അദ്ദേഹം ഒരേപോലെ ആശ്രയമായിരുന്നു. മെഡിക്കൽ സേവനങ്ങൾക്ക് അപ്പുറം, പ്രവാസികൾ നേരിട്ടിരുന്ന നിയമപരമായ നൂലാമാലകൾ, മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള രേഖാപരമായ സഹായങ്ങൾ, എംബസി ഇടപെടലുകൾ തുടങ്ങി ഏതു പ്രതിസന്ധിയിലും അദ്ദേഹം മുൻപിലുണ്ടായിരുന്നു. അദ്ദേഹത്തെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചവർക്ക് അദ്ദേഹം കേവലം ഒരു ഡോക്ടർ മാത്രമായിരുന്നില്ല; ഒരു ഉറ്റ സുഹൃത്തും, കരുതലുള്ള രക്ഷിതാവും, വഴികാട്ടിയായ മെന്ററുമായിരുന്നു. തിരക്കുകൾക്കിടയിലും അദ്ദേഹം ഞങ്ങളോട് സംസാരിക്കാൻ സമയം കണ്ടെത്തിയിരുന്നു. കുടുംബവിശേഷങ്ങൾ ചോദിച്ചറിയുന്നതിനൊപ്പം, സമ്പാദ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഭാവിക്കുവേണ്ടി കരുതിവെക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം നൽകിയിരുന്ന ഉപദേശങ്ങൾ ഇന്നും കാതിലുണ്ട്.
ബഹ്‌റൈൻ പ്രവാസി സമൂഹത്തിന്റെ ഹൃദയത്തിൽ ഡോ. ചെറിയാൻ ഒരിക്കലും മരിക്കുന്നില്ല. അദ്ദേഹം ചെയ്ത ഓരോ സത്കർമ്മങ്ങളിലൂടെയും, അദ്ദേഹം തൊട്ടുണർത്തിയ ഓരോ ജീവിതത്തിലൂടെയും അദ്ദേഹം നമ്മളോടൊപ്പം ജീവിക്കുന്നു. ഡോക്ടറുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.