മനാമ: ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനിലെത്തിച്ച യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച കേസിൽ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ഒക്ടോബർ 14ന് വിധി പറയും. ക്ലീനിങ് ജോലിയെന്ന് വിശ്വസിപ്പിച്ചാണ് 33കാരിയായ ഏഷ്യൻ യുവതിയെ ബഹ്റൈനിലെത്തിച്ചത്.നാട്ടിലുള്ള ഒരു സുഹൃത്ത് വഴിയാണ് യുവതി ബഹ്റൈനിൽ ജോലിയുണ്ടെന്നറിയുന്നത്. തുടർന്ന്, പ്രതിയെന്ന് കണ്ടെത്തിയ 38 കാരിയായ സ്ത്രീയെ അവർ ബന്ധപ്പെടുകയായിരുന്നു. പ്രതി വാട്സ്ആപ് വഴി വിമാന ടിക്കറ്റും വിസയും അയച്ചുനൽകി യുവതിയുടെ യാത്രക്ക് സൗകര്യമൊരുക്കി.
ബഹ്റൈനിലെത്തിയ യുവതിയെ ഒരു ടാക്സിയിൽ അപ്പാർട്മെന്റിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് അവരുടെ പാസ്പോർട്ട് പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയുമായിരുന്നു. ഒടുവിൽ യുവതി അവിടെനിന്ന് രക്ഷപ്പെടുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
അന്വേഷണത്തിൽ, നിയമപരമായ ജോലിയെന്ന് വിശ്വസിപ്പിച്ച് യുവതിയെ കെണിയിൽപെടുത്തിയെന്നും ഭീഷണിയും വഞ്ചനയും പ്രയോഗിച്ച് അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്ത് ചൂഷണം ചെയ്തെന്നും കണ്ടെത്തി.പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ മനുഷ്യക്കടത്ത് കുറ്റം ചുമത്തി. വേശ്യാവൃത്തിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമാണ് പ്രതിയുടെ വരുമാന സ്രോതസ്സെന്നും നിയമവിരുദ്ധമായി യുവതിയെ റിക്രൂട്ട് ചെയ്യുകയും കടത്തുകയും സ്വീകരിക്കുകയും പാർപ്പിക്കുകയും ചെയ്തതായും പ്രോസിക്യൂഷൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.