2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് കരട് ചർച്ചക്കിടെ എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് അതോറിറ്റി അംഗങ്ങൾ
ബജറ്റ് 2025-26 കരട് ചർച്ച; സംയുക്തയോഗം ചേർന്ന് എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് അതോറിറ്റികൾ
മനാമ: 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് കരട് ചർച്ചക്കായി സംയുക്തയോഗം ചേർന്ന് എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ് അതോറിറ്റികൾ. പ്രതിനിധി കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
വാറ്റ് നികുതി നിലനിർത്തുക, സിൻ ടാക്സ് (പാപനികുതി) വർധിപ്പിക്കുക തുടങ്ങി വരാനിരിക്കുന്ന ബജറ്റിൽ പരിഗണിക്കുന്ന എട്ട് പ്രധാന തീരുമാനങ്ങളിലാണ് യോഗം സമവായത്തിലെത്തിയത്. ബഹ്റൈൻ സാമ്പത്തിക സ്ഥിരത കൈവരിക്കാനും, സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ ഈ ബജറ്റിൽ ഉൾക്കൊള്ളുന്നുണ്ട്.
50,000 പുതിയ വീടുകൾ നിർമിച്ച് ഭവന പദ്ധതി ത്വരിതപ്പെടുത്താനും വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകൾ മെച്ചപ്പെടുത്താനുമുള്ള ഹമദ് രാജാവിന്റെ നിർദേശങ്ങളെ യോഗത്തിൽ സ്പീക്കർ പ്രശംസിച്ചു. ദേശീയ താൽപര്യങ്ങൾ നിറവേറ്റുന്നതിനും മികച്ച സഹകരണത്തിനുമുള്ള നിയമനിർമാണ അതോറിറ്റികളുടെ പിന്തുണക്ക് ശൈഖ് സൽമാൻ നന്ദി അറിയിച്ചു.
2025-26 ബജറ്റിൽ പരിഗണിക്കുന്നവ
- മൂല്യവർധിത നികുതി (വാറ്റ്) വർധിപ്പിക്കില്ല.
- ജോലിയിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ തുക വർധിപ്പിക്കും.
- ഭവന നിർമാണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ പൊതു സേവനങ്ങളിൽ നിക്ഷേപിക്കും, ഭവന പദ്ധതികൾക്കായി 800 ദശലക്ഷം ദീനാറും ആരോഗ്യ രംഗത്ത് 688 ദശലക്ഷം ദീനാറും വകയിരുത്തിയിട്ടുണ്ട്. കൂടാതെ പ്രതിവർഷം 25,000 തൊഴിലസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങി സാമ്പത്തിക ശാക്തീകരണവും പദ്ധതിയിലുണ്ട്.
- സർക്കാർ പ്രവർത്തന ചെലവുകൾ കുറക്കും.
- താഴ്ന്ന വരുമാനം ലഭിക്കുന്നവർക്ക് പിന്തുണ നൽകും
- പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. ഇതിനായി എനർജി പാനീയങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, പുകയില എന്നിവയിൽ തിരഞ്ഞെടുത്ത ചില വസ്തുക്കളുടെ നികുതി വർധിപ്പിക്കും. ഒരു നിശ്ചിത വരുമാന പരിധി കവിയുന്ന കമ്പനികൾക്ക് കോർപറേറ്റ് നികുതി ഏർപ്പെടുത്തും. കമ്പനികൾക്ക് കാർബൺ എമിഷൻ ഫീസും ഏർപ്പെടുത്തും.
- നഗര വികസം
- സാമ്പത്തിക കമ്മി കുറക്കാനും സാമ്പത്തിക സ്ഥിരത നിലനിർത്താനും ആവശ്യമായ ചെലവുകൾക്ക് പണം കണ്ടെത്താനും ശ്രമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.