മനാമ: രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് സർക്കാർ നൽകിവന്നിരുന്ന ജീവിതച്ചെലവ് അലവൻസ് നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് എം.പിമാർ ചേർന്ന് അടിയന്തര പ്രമേയം ഫയൽ ചെയ്തു.
എം.പിമാരായ സൈനബ് അബ്ദുൽ അമീർ, ഖാലിദ് ബുഅനാഖ്, അഹമ്മദ് അൽ സല്ലൂം, ഹിഷാം അൽ അവാദി, ഈമാൻ ഷുവൈറ്റർ എന്നിവരാണ് ഈ പ്രമേയത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. സ്വയംതൊഴിൽ ചെയ്യുന്നവർ, പ്രത്യേകിച്ച് ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ എന്നിവരെ കേന്ദ്രീകരിച്ചാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ജീവിതച്ചെലവ് വർധിച്ചതും ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞതും സാധാരണക്കാരായ തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിച്ചുവെന്ന് എം.പിമാർ വിശദീകരിച്ചു. ഈ തൊഴിൽ മേഖലയിലുള്ളവർക്ക് ലഭിച്ചിരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയത് അവരുടെ ദൈനംദിന ജീവിതം ബുദ്ധിമുട്ടിലാക്കിയെന്നും പ്രമേയത്തിന്റെ വിശദീകരിക്കുന്നു.
സാമൂഹിക നീതി ഉറപ്പാക്കാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് ഈ നിർദേശത്തിലൂടെ ലക്ഷ്യമിടുന്നത്. വിലക്കയറ്റത്തിന്റെ ഭാരം കുറക്കുന്നതിന് ഇത്തരം ധനസഹായങ്ങൾ അനിവാര്യമാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. ആനുകൂല്യം നിർത്തലാക്കിയത് കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്നതിനാൽ, വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും അവർ സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.