സാഖിർ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽനിന്ന്
മനാമ: ഹിജ്റ വർഷാരംഭത്തിൽ ജനങ്ങൾക്കും അറബ് ഇസ് ലാമിക രാഷ്ട്രങ്ങൾക്കും ആശംസകൾ അറിയിച്ച് രാജാവ് ഹമദ് ബിൻ ഈസ ഖലീഫ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ സാഖിർ കൊട്ടാരത്തിൽ നടന്ന സാധാരണ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ഹമദ് രാജാവ്.
അറബ്, ഇസ് ലാമിക ലോകങ്ങൾക്ക് സുരക്ഷയും സമൃദ്ധിയും കൊണ്ടുവരുമെന്നും ബഹ്റൈനും അവിടത്തെ പൗരന്മാർക്കും തുടർച്ചയായ പുരോഗതിയും ക്ഷേമവും ഉണ്ടാകുമെന്നും രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. അടുത്തിടെ കിരീടാവകാശിയും യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ഫലങ്ങളെ ഹമദ് രാജാവ് സ്വാഗതം ചെയ്തു. അവരുമായി ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാറിന്റെയും തന്ത്രപരമായ നിക്ഷേപ, സഹകരണ പങ്കാളിത്തത്തിന്റെയും പ്രാധാന്യം ഹമദ് രാജാവ് എടുത്തുപറഞ്ഞു. കൂടാതെ മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയേയും സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷനൽ ഇക്കണോമിക് ഫോറത്തിലെ ബഹ്റൈന്റെ സാന്നിധ്യത്തെയും ഹമദ് രാജാവ് പ്രശംസിച്ചു.
ബഹ്റൈനെ ഔദ്യോഗിക അതിഥിയായി ക്ഷണിച്ചതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള വികസനപരവും തന്ത്രപരവുമായ പങ്കാളിത്തത്തിന് ഊന്നൽ നൽകിയതിനും റഷ്യയോട് രാജാവ് നന്ദി പറഞ്ഞു. 2026-2027 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ താൽക്കാലിക അംഗമായി ബഹ്റൈൻ തിരഞ്ഞെടുക്കപ്പെട്ടതിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.