ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു; 2030ഓടെ എണ്ണയിതര മേഖല 90% കൈവരിച്ചേക്കാമെന്ന് റിപ്പോർട്ട്

മനാമ: ബഹ്‌റൈന്‍റെ എണ്ണയിതര മേഖല രാജ്യത്തിന്‍റെ മൊത്തം ഉൽപാദനത്തിന്‍റെ ഏകദേശം 90 ശതമാനവും 2030-ഓടെ കൈവരിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പ്രവചിക്കുന്നു. ഐ.എം.എഫ് മിഷൻ ചീഫ് ജോൺ ബ്ലൂഡോൺന്‍റെ നേതൃത്വത്തിലുള്ള സംഘം നവംബർ ഒമ്പത് മുതൽ 20 വരെ മനാമയിൽ നടത്തിയ ചർച്ചകളുടെ റിപ്പോർട്ടിലാണ് ഈ ശുഭകരമായ പ്രവചനം. ജനുവരിയിൽ ഐ.എം.എഫ്. എക്സിക്യൂട്ടീവ് ബോർഡ് ഈ കൺസൾട്ടേഷൻ അവലോകനം ചെയ്യും.

ആഗോള, പ്രാദേശിക പ്രതിസന്ധകൾക്കിടയിലും 2024-ൽ ബഹ്‌റൈന്‍റെ യഥാർഥ ജി.ഡി.പി. 2.6 ശതമാനം വളർച്ച കൈവരിച്ചതായി ഐ.എം.എഫ്. സ്റ്റാഫ് റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ പണപ്പെരുപ്പം 0.9 ശതമാനം മാത്രമായിരുന്നു. 2025ൽ വളർച്ച 2.9 ശതമാനമായും 2026ൽ 3.3 ശതമാനമായും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിഫൈനറി നവീകരണങ്ങൾ, ടൂറിസം, ധനകാര്യ മേഖല ഉൾപ്പെടെയുള്ള സേവന മേഖലയിലെ ശക്തമായ പ്രകടനം എന്നിവ വളർച്ചക്ക് പിന്തുണ നൽകും. ഇടത്തരം കാലയളവിൽ യഥാർഥ ജി.ഡി.പി. ഏകദേശം മൂന്നു ശതമാനം നിരക്കിൽ വളരുമെന്നാണ് പ്രവചനം.

പണപ്പെരുപ്പം 2025-ൽ സ്ഥിരമായി തുടരുമെന്നും അതിനുശേഷം ക്രമേണ രണ്ട് ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും ഐ.എം.എഫ്. വിലയിരുത്തി. ബഹ്‌റൈൻ സാമ്പത്തിക സ്ഥിരത ഭംഗിയായി നിലനിർത്തുന്നുണ്ടെന്ന് ഐ.എം.എഫ് റിപ്പോർട്ടിൽ പറഞ്ഞു. മാക്രോപ്രൂഡൻഷ്യൽ, ലിക്വിഡിറ്റി മാനേജ്‌മെന്‍റ് ഉപകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിലവിലുള്ള ശ്രമങ്ങളെ ഐ.എം.എഫ്. പ്രശംസിച്ചു.

കൂടുതൽ വളർച്ച ഉറപ്പാക്കുന്നതിനായി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി), ഇതര രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ബഹ്‌റൈന്‍റെ ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ഘടനപരമായ പരിഷ്കാരങ്ങൾ തുടരണം എന്ന് ഐ.എം.എഫ് നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Bahrain's economy is booming; non-oil sector could account for 90% by 2030, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.