മനാമ: 2024ലെ കണക്കുകൾ പ്രകാരം ബഹ്റൈനിലെ ഡിജിറ്റൽ സാക്ഷരതാ നിരക്ക് 97.6 ശതമാനം ആയി ഉയർന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്. ലോക ശരാശരി 88 ശതമാനം ആയിരിക്കുമ്പോളാണ് ബഹ്റൈൻ ഈ നേട്ടം കൈവരിച്ചത്. ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയാണ് 99.5 ശതമാനം നിരക്കുമായി ഒന്നാം സ്ഥാനത്ത്. 99 ശതമാനം വീതം നേടി ഖത്തറും കുവൈത്തും രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്.
ഒമാൻ 97.9 ശതമാനം, യു.എ.ഇ 96.3 ശതമാനം എന്നിങ്ങനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ നിരക്ക്. എൽ.പി, യു.പി, സെക്കൻഡറി തലങ്ങളിലുള്ള എല്ലാ ജി.സി.സി സ്കൂളുകളിലും ഇപ്പോൾ ഇന്റർനെറ്റ് സൗകര്യവും കമ്പ്യൂട്ടറുകളും ഉണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ വ്യക്തമാക്കി.ഇത് പഠനരീതികളെ കൂടുതൽ ലളിതമാക്കാനും വിദ്യാർഥികളുടെ ഗവേഷണ ശേഷി വർധിപ്പിക്കാനും സഹായിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു.
ബഹ്റൈന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ എം.പി ഡോ. മുനീർ സെരൂർ അഭിനന്ദിച്ചു. രാജ്യത്ത് ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധ്യാപകർക്കും ജോലിക്കാർക്കും വേണ്ടി കൂടുതൽ സായാഹ്ന കോഴ്സുകൾ ആരംഭിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ്, സാധാരണ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിക്കാനുള്ള കഴിവില്ലായ്മയാണ് ഡിജിറ്റൽ നിരക്ഷരതയെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹ്റൈനിൽ മികച്ച ഇന്റർനെറ്റ് സേവനവും ശക്തമായ ടെലികോം ശൃംഖലയുമുണ്ട്. എന്നിട്ടും വിദ്യാർഥികൾ, ബിരുദധാരികൾ, വിവിധ മേഖലകളിലെ തൊഴിലാളികൾ എന്നിവരുടെ സാങ്കേതിക കഴിവുകൾ വർധിപ്പിക്കുന്നതിന് കൂടുതൽ പരിശീലനം ആവശ്യമാണെന്ന് ഡോ. സെരൂർ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ കഴിവുകളിലുള്ള നിക്ഷേപം ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ശക്തമായ ഡിജിറ്റൽ സാക്ഷരത സൈബർ സുരക്ഷാ അവബോധം വളർത്താനും, അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെ സഹായിക്കാനും, സാമ്പത്തിക-ഇലക്ട്രോണിക് സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് രാജ്യത്തെ വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.