മനാമ: ഈ വർഷത്തെ ആദ്യ എട്ടു മാസങ്ങൾ പൂർത്തിയായപ്പോൾ ബഹ്‌റൈനിലേക്കുള്ള കാർ ഇറക്കുമതിയിൽ 8.8 ശതമാനം വർധനവുണ്ടായതായി ഔദ്യോഗിക കണക്കുകൾ. യുവ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന താൽപ്പര്യവും പ്രാദേശിക വിപണിയുടെ വളർച്ചയുമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ.
ഈ വർഷം ജനുവരി മുതൽ ആഗസ്റ്റ് വരെ 29,150 വാഹനങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 26,796 ആയിരുന്നു. ജനസംഖ്യാ വർധന, വികസിച്ചുകൊണ്ടിരിക്കുന്ന ഭവന പദ്ധതികൾ, വർധിച്ച ഉപഭോക്തൃ വായ്പകൾ, ബാങ്ക് വായ്പകൾ, രാജ്യത്തിന്റെ പ്രധാന വാണിജ്യ കവാടമായ ഖലീഫ ബിൻ സൽമാൻ പോർട്ടിലെ സ്ഥിരമായ ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് കാരണം.
വർഷത്തിന്റെ ആദ്യ പകുതിയിൽ 22,226 വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15% കൂടുതലാണ്. ജനുവരിയിൽ 5,365 യൂണിറ്റുകളുമായി ഏറ്റവും ഉയർന്ന പ്രതിമാസ ഇറക്കുമതി രേഖപ്പെടുത്തി. മെയ് മാസത്തിൽ 2,453 യൂണിറ്റുകളുമായി ഏറ്റവും കുറഞ്ഞ ഇറക്കുമതി രേഖപ്പെടുത്തി. ഫെബ്രുവരിയിൽ 3,132, മാർച്ചിൽ 3,870, ഏപ്രിലിൽ 3,472, ജൂണിൽ 3,934, ജൂലൈയിൽ 3,597, ഓഗസ്റ്റിൽ 3,327 എന്നിങ്ങനെയായിരുന്നു മറ്റ് മാസങ്ങളിലെ ഇറക്കുമതി കണക്കുകൾ.
കോവിഡ്-19 മഹാമാരിക്ക് ശേഷം രാജ്യത്തെ കാർ ഇറക്കുമതി ശക്തമായ തിരിച്ചുവരവ് നേടി. 2020ൽ 27,262 വാഹനങ്ങളായിരുന്നെങ്കിൽ 2024ൽ ഇത് 44,216 ആയി ഉയർന്നു. 2017ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഈ വളർച്ച ബഹ്‌റൈൻ വിപണിയുടെ ഊർജ്ജസ്വലതയും യുവ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന സ്വാധീനവും സൂചിപ്പിക്കുന്നു.
ഡീലർമാരുടെ കണക്കുകൾ പ്രകാരം, ഓരോ വർഷവും ഏകദേശം 28,000 മുതൽ 35,000 വരെ പുതിയ കാറുകളാണ് ബഹ്‌റൈനിൽ വിറ്റഴിയുന്നത്. ഇതിന് പുറമെ, യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോഗിച്ച കാറുകൾക്കും രാജ്യത്ത് സജീവമായ വിപണിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.