എം.പി ജലാൽ കാസിം അൽ മഹ്‌ഫൂദ്

ജി.സി.സി പൗരന്മാരെ വിവാഹം കഴിച്ച ബഹ്‌റൈനി വനിതകൾക്ക് അലവൻസ് നൽകണം; നിർദേശവുമായി എം.പി ജലാൽ കാസിം അൽ മഹ്‌ഫൂദ്

മനാമ: ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെ വിവാഹം കഴിച്ച ബഹ്‌റൈനി വനിതകൾക്ക് ജീവിതച്ചെലവ് അലവൻസ് നൽകണമെന്ന നിർദേശവുമായി എം.പി ജലാൽ കാസിം അൽ മഹ്‌ഫൂദ് രംഗത്ത്. ഈ സ്ത്രീകൾ ബഹ്‌റൈനിൽ സ്ഥിരമായി താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് മറ്റ് ബഹ്‌റൈനി പൗരന്മാർക്ക് ലഭിക്കുന്ന അതേ സാമ്പത്തിക സഹായം നൽകണമെന്നാണ് നിർദ്ദേശം. ലിംഗസമത്വവും സാമൂഹിക നീതിയും ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ഉയരുന്ന ജീവിതച്ചെലവും സാമ്പത്തിക സമ്മർദങ്ങളും കാരണം ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങളെ കണ്ടതിനെത്തുടർന്നാണ് ഈ നിർദേശം സമർപ്പിച്ചതെന്ന് അൽ മഹ്‌ഫൂദ് വിശദീകരിച്ചു. നിലവിൽ, ഈ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ജീവിതച്ചെലവ് അലവൻസ് ലഭിക്കുന്നില്ല. എന്നാൽ, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അവർ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജി.സി.സി പൗരന്മാരെ വിവാഹം കഴിച്ച ബഹ്‌റൈനി സ്ത്രീകൾക്ക് അവരുടെ മാതൃരാജ്യവുമായി മറ്റ് പൗരന്മാരെപ്പോലെ തന്നെ ബന്ധമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുട്ടികളെ വളർത്തുന്നതിനും വീട്ടുചെലവുകൾ വഹിക്കുന്നതിനും അവർക്ക് തുല്യ ഉത്തരവാദിത്തങ്ങളുണ്ട്. അതിനാൽ, വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ കണക്കിലെടുത്ത് അവർക്ക് ന്യായമായ പരിഗണനയും സർക്കാർ പിന്തുണയും അർഹിക്കുന്നു. ഈ സ്ത്രീകളെ കൂടി ജീവിതച്ചെലവ് അലവൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സാമൂഹിക സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും എല്ലാ പൗരന്മാർക്കും സർക്കാർ സഹായ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സഹായകമാകുമെന്നും അൽ മഹ്‌ഫൂദ് പറഞ്ഞു. പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നത് ബഹ്‌റൈന്റെ വികസന തന്ത്രങ്ങളുടെ പ്രധാന തത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിലക്കയറ്റത്തെ നേരിടാനും എല്ലാ ബഹ്‌റൈനി കുടുംബങ്ങൾക്കും മാന്യമായ ജീവിത സാഹചര്യങ്ങൾ ഒരുക്കാനും നിയമനിർമാണ സഭ തുടർന്നും ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

Tags:    
News Summary - Bahraini women married to GCC citizens should be given allowances; MP Jalal Qasim Al Mahfoud proposes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.