മനാമ: ബഹ്റൈൻ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിൽ സ്വദേശി പൗരന്മാർക്ക് പ്രഥമ പരിഗണന നൽകുമെന്ന് തൊഴിൽ, നിയമകാര്യ മന്ത്രി യൂസഫ് ഖലഫ് അറിയിച്ചു. രാജ്യത്തെ സാമ്പത്തിക വളർച്ചയും പൗരന്മാരുടെ തൊഴിൽ സുരക്ഷയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനാണ് സർക്കാർ നയങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ തൊഴിലാളികൾക്കായി വർക്ക് പെർമിറ്റ് അപേക്ഷിക്കുന്നതിനുമുമ്പ് 21 ദിവസത്തെ നിർബന്ധിത കാത്തിരിപ്പ് കാലാവധി പാലിക്കുക, ഈ കാലയളവിൽ ഒഴിവുകളെക്കുറിച്ച് ഏഴ് ദിവസം പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകുക, യോഗ്യരായ ബഹ്റൈൻ ഉദ്യോഗാർഥികളെ ഇന്റർവ്യൂ ചെയ്യുകയും അവർക്ക് തൊഴിലിന് മുൻഗണന നൽകുകയും ചെയ്യുക, നാഷനൽ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമിലും ഈ ഒഴിവുകൾ പ്രസിദ്ധീകരിക്കുക തുടങ്ങി വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുമുമ്പ് തൊഴിലുടമകൾ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
നിലവിൽ ബഹ്റൈനിലെ സ്വകാര്യ മേഖലയിൽ 5,05,998 വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ തൊഴിലാളികൾ വ്യാപാരം, വാഹന റിപ്പയറിങ് മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. കൂടാതെ, 1.5 ലക്ഷത്തിലധികം വിദേശികൾ അഞ്ച് വർഷത്തിലേറെയായി ഒരേ തൊഴിലുടമക്കുകീഴിൽ ജോലി ചെയ്യുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് 2022നും 2025നും ഇടയിൽ 2,300 പരാതികൾ ലഭിച്ചു. കഴിഞ്ഞ വർഷം മാത്രം ഇത്തരത്തിലുള്ള 537 പരാതികളാണ് റിപ്പോർട്ട് ചെയ്തത്.
2019 മുതൽ നടപ്പിലാക്കിയ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴി ശമ്പളം നൽകുന്നത് ബാങ്കുകൾ വഴി നിരീക്ഷിക്കുന്നുണ്ട്. നിലവിൽ 99.3 ശതമാനം സ്ഥാപനങ്ങളും ഈ സംവിധാനം കൃത്യമായി പാലിക്കുന്നുണ്ട്. ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുടമകൾക്കെതിരെ പിഴയും തൊഴിലാളികൾക്ക് നിർബന്ധിത നഷ്ടപരിഹാരവും ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ തുടരുമെന്നും മന്ത്രി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.