‘ആഗാ ഖാൻ സംഗീത പുരസ്കാരവുമായി ’ ബഹ്റൈൻ ക്വലാലി ഫോക്ക് ബാൻഡ്
മനാമ: ബഹ്റൈന്റെ സമുദ്ര സംഗീത പാരമ്പര്യം ലോകത്തിന് മുമ്പിൽ എത്തിച്ച ക്വലാലി ഫോക്ക് ബാൻഡിന് 2025-ലെ ആഗാ ഖാൻ സംഗീത പുരസ്കാരം. ലണ്ടനിലെ സൗത്ത്ബാങ്ക് സെന്ററിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് ഇവർ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇ.എഫ്.ജി ലണ്ടൻ ജാസ് ഫെസ്റ്റിവലുമായി സഹകരിച്ചാണ് പുരസ്കാര സമർപ്പണം നടന്നത്. ചടങ്ങിൽ ബാൻഡിന് ആദരമർപ്പിക്കാൻ പ്രിൻസ് അലി മുഹമ്മദ് ആഗാ ഖാൻ ഉൾപ്പെടെ അന്താരാഷ്ട്ര സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ക്വലാലി ഫോക്ക് ബാൻഡ് ടീം
ബഹ്റൈന്റെ സമ്പന്നമായ സാംസ്കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്ന രീതിയിൽ കടൽ സഞ്ചാരികളുടെ സംഗീത പൈതൃകം സംരക്ഷിക്കുന്നതിലും ആധുനിക രൂപത്തിൽ അവതരിപ്പിക്കുന്നതിലുമുള്ള ക്വലാലി ഫോക്ക് ബാൻഡിന്റെ ശ്രദ്ധേയമായ പങ്കിനുള്ള അന്താരാഷ്ട്ര അംഗീകാരമാണിത്.
പതിറ്റാണ്ടുകൾ നീണ്ട ഇവരുടെ പ്രയാണത്തിനും പരമ്പരാഗത ഫിജിരി, നഹ്മ കലാരൂപങ്ങൾ സംരക്ഷിക്കാനും ആഗോള പ്രേക്ഷകരിലേക്ക് സൃഷ്ടിപരമായി എത്തിക്കാനുമുള്ള അക്ഷീണ പ്രയത്നത്തിനുമാണ് ബാൻഡ് അവാർഡ് നേടിയത്. ബഹ്റൈനിലെ ആദ്യകാല നാവിക ഗായകനായ സേലം അൽ അല്ലാൻന്റെ കലാപരമായ സംഭാവനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബാൻഡിന്റെ പ്രയാണം. പുരസ്കാര ദാന ചടങ്ങിനോടനുബന്ധിച്ച് ക്വലാലി ഫോക്ക് ബാൻഡ് ഫിജിരി സംഗീതത്തിന്റെ പ്രധാന രൂപങ്ങളിൽ ഒന്നായ 'ബഹ്രി'യുടെ ആകർഷകമായ പ്രകടനം കാഴ്ചവെച്ചു. കപ്പലിൽ നാവികരുടെ ദുരിതങ്ങളെ അതിജീവിക്കാൻ സഹായിച്ചിരുന്ന, അവരുടെ ഹൃദയങ്ങളെ ഇളക്കിമറിച്ചിരുന്ന 'നഹം' എന്ന നാവിക ഗായകന്റെ ആത്മാവിനെ ഉൾക്കൊള്ളുനന്നതായിരുന്നു ഈ പ്രകടനം.ഈ അന്താരാഷ്ട്ര നേട്ടം ബഹ്റൈന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്ക് ലഭിച്ച അർഹമായ അംഗീകാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.