ഒട്ടകയോട്ട മത്സരത്തിനിടെ
മനാമ: സൗദി കിരീടാവകാശിയുടെ ഒട്ടക മേളയുടെ ഏഴാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഓട്ടകയോട്ട മത്സരത്തിൽ മികച്ച നേട്ടവുമായി ബഹ്റൈനി ഒട്ടകങ്ങൾ. ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ ഉടമസ്ഥതയിലുള്ള ‘അൽ ഷാഹിനിയ’ നാല് കിലോമീറ്റർ ലുഖായ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഇതേ വിഭാഗത്തിൽ ശൈഖ് നാസിറിന്റെ തന്നെ ‘സംസം’ ഓപൺ കപ്പ് നേടിയപ്പോൾ, ‘സയാദ്’ രണ്ടാം സ്ഥാനത്തെത്തി.
നേരത്തേ നടന്ന അൽ ഹഖായിഖ് കപ്പ് രണ്ടാം റൗണ്ടിൽ ‘അൽ സാരിഅ’ ഒന്നാം സ്ഥാനം നേടിയിരുന്നു. രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഈ മത്സരത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചതും ‘അൽ സാരിഅ’ ആയിരുന്നു. ഇതേ റൗണ്ടിൽ ‘സയാഫ്’ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പരമ്പരാഗത കായിക വിനോദങ്ങൾക്ക് രാജ്യത്തിന്റെ നേതൃത്വം നൽകുന്ന പിന്തുണയാണ് ഈ വിജയങ്ങൾ സൂചിപ്പിക്കുന്നത്. ഈ നേട്ടങ്ങളിൽ പൈതൃക കായിക സമിതി (മൗറൂത്ത്) അഭിനന്ദനം അറിയിച്ചു. പ്രാദേശിക മത്സരങ്ങളിൽ ബഹ്റൈനി ഒട്ടകങ്ങൾക്കുള്ള പ്രാധാന്യം ഈ വിജയങ്ങൾ ഉറപ്പിക്കുന്നതായി സമിതി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച മേളയിൽ 50 ദശലക്ഷം റിയാലിലധികം സമ്മാനത്തുകക്കായി 1,00,000ലധികം ഒട്ടകങ്ങളാണ് മത്സരിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, കുവൈത്ത്, യമൻ, ബഹ്റൈൻ, അൽജീരിയ, യു.കെ എന്നിവിടങ്ങളിൽനിന്നുള്ള ഒട്ടകങ്ങളും റൈഡറുകളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
സൗദി ഒട്ടക ഫെഡറേഷന്റെ മേൽനോട്ടത്തിൽ ചരിത്രപ്രസിദ്ധമായ തായിഫ് ട്രാക്കിലാണ് മേള നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.