മനാമ: ബഹ്റൈന്റെ 'വിഷൻ 2050' പദ്ധതിയുടെ ഭാഗമായി സതേൺ ഗവർണറേറ്റിനെ ലോകോത്തര വിനോദസഞ്ചാര-വിനോദകേന്ദ്രമാക്കി മാറ്റാൻ വിപുലമായ പദ്ധതികൾ ഒരുങ്ങുന്നു. ബോളിവുഡ് സിനിമാ സ്റ്റുഡിയോകൾ, ഔട്ട്ഡോർ സ്കൈഡൈവിങ്, ഹോട്ട് എയർ ബലൂൺ യാത്രകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. സതേൺ മുനിസിപ്പൽ കൗൺസിൽ തയാറാക്കിയ ഈ നിർദേശങ്ങൾ ഉടൻ തന്നെ ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയത്തിനും ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിനും (ഇ.ഡി.ബി) സമർപ്പിക്കും.
ബഹ്റൈനെ അന്താരാഷ്ട്ര സിനിമാനിർമാണത്തിന്റെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി സ്ഥിരമായ ബോളിവുഡ് സ്റ്റുഡിയോകൾ സ്ഥാപിക്കാൻ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് നിർദേശിച്ചു. പുതിയ 'അവഞ്ചേഴ്സ്' സിനിമയുടെ ചിത്രീകരണത്തിനായി പ്രമുഖ താരങ്ങൾ ബഹ്റൈനിൽ എത്തിയത് ഈ നീക്കത്തിന് വലിയ കരുത്ത് പകർന്നിരുന്നു.
പ്രമുഖ താരം ഇമ്രാൻ ഹാഷ്മി അഭിനയിക്കുന്ന ഒരു നെറ്റ്ഫ്ലിക്സ് പരമ്പരയിൽ ചില ഭാഗങ്ങൾ ബഹ്റൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ബഹ്റൈനി കലാകാരൻ ഫ്ലിപ്പറാച്ചിയുടെ റാപ് ഗാനം ബോളിവുഡ് ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടതും ഈ മേഖലയിലെ സാധ്യതകൾ വർധിപ്പിക്കുന്നു.
കൂടാതെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി 'ഗ്രാവിറ്റി'യുമായി ചേർന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കും.
നിലവിലുള്ള ഇൻഡോർ സംവിധാനത്തിന് പുറമെ ഔട്ട്ഡോർ സ്കൈഡൈവിങ്ങും ആരംഭിക്കാൻ ചർച്ചകൾ നടക്കുന്നു. ഗവർണറേറ്റിന്റെ വിശാലമായ ഭൂപ്രകൃതി പ്രയോജനപ്പെടുത്തി ഹോട്ട് എയർ ബലൂൺ സർവീസുകൾ തുടങ്ങും.
അൽ അരീൻ വൈൽഡ് ലൈഫ് പാർക്കിനെ കൂടുതൽ വിപുലീകരിച്ച് കുടുംബങ്ങൾക്ക് ഒരുദിവസം മുഴുവൻ ചെലവഴിക്കാൻ കഴിയുന്ന രീതിയിൽ നവീകരിക്കും.
ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട്, എക്സിബിഷൻ വേൾഡ് നിർമാണം, സ്പോർട്സ് സിറ്റി, ആൽബ, ബാപ്കോ, യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈൻ, ബഹ്റൈൻ പോളിടെക്നിക് തുടങ്ങി ബഹ്റൈന്റെ സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളുടെ നെടുംതൂണായി സതേൺ ഗവർണറേറ്റ് നിലവിൽ സ്ഥാനം വഹിക്കുന്നുണ്ട്.
ഈ മേഖലകളെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള വികസനത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബഹ്റൈനെ ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിലെത്തിക്കാനും സാധിക്കുമെന്ന് അധികൃതർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.